ദുരന്ത നിവാരണ പദ്ധതി പരിശീലനം. പങ്കാളിത്തമില്ലാതെ താളം തെറ്റി.
കോലഞ്ചേരി /മുവാറ്റുപുഴ : ദുരന്ത നിവാരണ പദ്ധതി പരിശീലനം ആളില്ലാ പരുപാടിയായി മാറി. ഇന്നലെ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടത്തിയ ജില്ലയിലെ 3 ബ്ലോക്കുകളിൽ പ്പെട്ട 19 ഗ്രാമ പഞ്ചായത്തിൽ നിന്നുള്ള ഇരുന്നൂറോളം പേർ പങ്കെടുക്കേണ്ട പരിശീല പരുപാടിയാണ് ഇരുപതിൽ താഴെ ആളുകൾ മാത്രം പങ്കെടുത്തത്. പഞ്ചായത്ത് പ്രസിഡൻ്റ് ,സെക്രട്ടറി, അസി: സെക്രട്ടറി,പ്ലാൻ ക്ലാർക്ക് പ്രൊജക്ട് നിവാരണ ഉദ്യോഗസ്ഥൻ, ദുരന്ത നിവാരണ വർക്കിംഗ് ഗ്രൂപ്പ് തുടങ്ങി ഓരോ പഞ്ചായത്തിൽ നിന്നും ഉദ്യോഗസ്ഥർ അടക്കം 190 ഓളം പേരും കിലയിലെ ഉദ്യോഗസ്ഥരടകം 200 ഓളം പേർ പങ്കെടുക്കേണ്ട പരിശീല ക്ലാസ്സാണ് നാമമാത്രമായ ഇരുപതിൽ താഴെ ആളുകൾ പങ്കെടുത്തത്. ഇതിൽ പാമ്പാക്കുട ബ്ലോക്കിൽ ഉൾപ്പെടുന്ന രാമമംഗലം, ഇലഞ്ഞി, തിരുമാറാടി, പാലക്കുഴ, പാമ്പാക്കുട,രാമമംഗലം എന്നീ പഞ്ചായത്തുകളിൽ നിന്ന് ഒരാള് പോലും പങ്കെടുത്തില്ല. വേണ്ടത്ര പ്രാധാന്യം വിഷയത്തിൽ നല്കാത്തതാണ് ഇത് പോലെ ആളുകൾ പങ്കെടുക്കാത്ത അവസ്ഥ ഉണ്ടായത് എന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. 2018ലെ പ്രളയത്തിന് ശേഷം പതിമൂന്നാമത്തെ വർക്കിംങ്ങ് ഗ്രൂപ്പായി ദുരന്ത നിവാരണ പദ്ധതിയെ സർക്കാർ ഏറെ പ്രാധാന്യത്തോടെ കൊണ്ടു വന്നെങ്കിലും ഉത്തരവാദിത്വപ്പെട്ടവർ വേണ്ടത്ര രീതിയിൽ ഇതിനെ ഉപയോഗപ്പെടുത്താതെ അവഗണിക്കുകയാണെന്ന് പറയേണ്ടി വരും. വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിലും കാലാവസ്ഥ വ്യതിയാനങ്ങളുടെ ഫലമായും ദുരന്തങ്ങൾ കേരളത്തിൽ ആവർത്തിക്കപ്പെടുമ്പോൾ വേണ്ട രീതിയുള്ള പ്രാധാന്യം ദുരന്ത നിവാരണ വിഷയത്തിൽ ഉത്തരവാദിത്വപ്പെട്ടവർ കാണിക്കുന്നില്ല. ഇരുനൂറോളം പേർക്കായി കരുതിയ ഭക്ഷണമടക്കമുള്ള ചിലവുകളിൽ വലിയ ശതമാനവും പാഴായി പോകുന്ന അവസ്ഥയാണ് ഉണ്ടായത്.
എന്നാൽ പഞ്ചായത്തിൽ ഇന്നലെ ഹരിത സഭ, ഭൂമി തരംമാറ്റ അദാലത്ത്, പഞ്ചായത്ത് കമ്മിറ്റി തുടങ്ങിയതിൻ്റെ പരിശീലനവും യോഗവും മറ്റും ഉണ്ടായത് കൊണ്ടാണ് ആളുകൾ വരാതിരുന്നത് എന്നും ഉത്തരവാദിത്വപ്പെട്ടവർ പറയുന്നു. പരിശീലനം നടത്തേണ്ട കമ്മിറ്റികൾ ഇതിൽ വേണ്ടത്ര ശ്രദ്ധ പുലർത്താതിരുന്നതും മുൻ കൂട്ടി തീയതി അറിയിക്കാത്തതുമാണ് ദുരന്ത നിവാരണ പരിശീലന പരുപാടിയിൽ പങ്കാളിത്തം കുറയാൻ കാരണമായത് എന്നും പരിശീലനത്തിന് വരേണ്ട ഉത്തരവദിദ്വപ്പെട്ടവർ പറയുന്നു.
