ഭക്തിയുടെ നിറവിൽ നാലമ്പല തീര്‍ത്ഥാടകര്‍ക്കായി ക്ഷേത്രങ്ങളൊരുങ്ങി
പിറവം : കര്‍ക്കടക പുലരിയില്‍ (ജൂലായ് 17) ആരംഭിക്കുന്ന നാലമ്പല തീര്‍ത്ഥാടനത്തിന് ജില്ലയിലെ മാമ്മലശ്ശേരി ശ്രീരാമ സ്വാമി ക്ഷേത്രം,മേമ്മുറി ഭരത സ്വാമി ക്ഷേത്രം,മുളക്കുളം ലക്ഷ്മണ സ്വാമി ക്ഷേത്രം,നെടുങ്ങാട്ട് ശത്രുശത്രുഘ്‌ന സ്വാമി ക്ഷേത്രം എന്നിവടങ്ങളിൽ ഒരുക്കങ്ങളായി. കര്‍ക്കടകത്തില്‍ ദാശരഥികളായ ശ്രീരാമ, ഭരത, ലക്ഷമ്ണ ശത്രുഘ്‌നന്മാരുടെ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതാണ് നാലമ്പല തീര്‍ത്ഥാടനം. ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ആരംഭിച്ച് ഉച്ചപ്പൂജയ്ക്ക് മുമ്പ് മറ്റ് മൂന്ന് ക്ഷേത്രങ്ങളിലും തൊഴുത് വീണ്ടും ശ്രീരാമസ്വാമി ക്ഷേത്രത്തിലെത്തി തൊഴുത് ദര്‍ശനം പൂര്‍ത്തിയാക്കാം. ജില്ലയില്‍ രാമമംഗലം, മാമ്മലശ്ശേരി കേന്ദ്രമാക്കിയുളള തീര്‍ത്ഥാടനത്തില്‍ കേവലം 28 കിലോമീറ്റര്‍ യാത്ര കൊണ്ട് നാലിടത്തും ദര്‍ശനം നടത്താം. തീര്‍ത്ഥാടനം സുഗമമായി നടത്തുന്നതിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം പദ്ധതിയില്‍പ്പെടുത്തി സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ നിന്ന് പ്രത്യേക സര്‍വ്വീസ് നടത്തുന്നതാണെന്നും നാലമ്പല തീര്‍ത്ഥാടന സമിതി ഭാരവാഹികളായ പി.പി.സുരേഷ്‌കുമാര്‍, ഇ.കെ മോഹനന്‍, കെ.കെ.രാധാകൃഷ്ണന്‍ എന്നിവര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. തീര്‍ത്ഥാടനത്തെപ്പറ്റി കൂടുതല്‍ അറിയാന്‍ നാലമ്പല സമിതി പ്രസിഡന്റ് -എന്‍. രഘുനാഥ്-93018 23282, സെക്രട്ടറി പി.പി.സുരേഷ്‌കുമാര്‍ -96053 66121. എന്നിവരെ വിളിക്കാം.
തുടങ്ങാം മാമ്മലശ്ശേരിയില്‍
രാമമംഗലം -പിറവം റോഡില്‍ നിന്ന് ഇരുനൂറ് മീറ്റര്‍ വലത്ത് മാറി മാമ്മലശ്ശേരിയില്‍ മുവാറ്റുപുഴയാറിന്റെ തീരത്താണ് ശ്രീരാമസ്വാമി ക്ഷേത്രം. ശ്രീരാമസ്വാമി ദേവസ്വം ട്രസ്റ്റിന് കീഴിലാണ് ക്ഷേത്രം. വട്ട ശ്രീകോവിലില്‍ കിഴക്കോട്ടാണ് ദര്‍ശനം.ശ്രീകോവിലില്‍ നിന്നുളള ഓവു താങ്ങിയായി ഹനുമാന്‍ സ്വാമിയുടെ പ്രതിഷ്ഠയുണ്ട്. തീര്‍ത്ഥാടകര്‍ക്ക് മഴയും വെയിലുമേല്‍ക്കാതെ വരി നില്‍ക്കാന്‍ മതില്‍ക്കകത്ത് പൂര്‍ണമായും സ്ഥിരം നടപ്പന്തലുണ്ട്. പുലര്‍ച്ചേ നാലരയ്ക്ക് നട തുറക്കും. വെളളി കൊണ്ടുളള അമ്പും വില്ലും സമര്‍പ്പണം സ്വര്‍ണ ഗോപി സമര്‍പ്പണം, പാല്‍പ്പായസം, ഒരു കുടം പാല്‍ സമര്‍പ്പണം, ഹനുമാന്‍ സ്വാമിക്ക് ഗദ സമര്‍പ്പണം അവില്‍ നിവേദ്യം,കുന്നിക്കുരു പറ,വെറ്റിലമാല എന്നിവയാണ് പ്രധാന വഴിപാടുകള്‍. പുഴക്കടവില്‍ മീനൂട്ട് വഴിപാട് നടത്താം.
മേമ്മുറി ഭരതസ്വാമി ക്ഷേത്രം
മാമ്മലശ്ശേരിയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ വടക്ക് കിഴക്ക് മാറി പാമ്പാക്കുട പഞ്ചായത്തിന്റെ പടിഞ്ഞാറെ അതിര്‍ത്തിയിലാണ് മേമ്മുറി ഭരതസ്വാമി ക്ഷേത്രം. ആര്യപ്പിളളിയെന്ന നമ്പൂതിരി ഊരാണ്മ കുടുംബത്തിന്റെ അധീനതയിലാണ് ക്ഷേത്രം. പടിഞ്ഞാട്ട് ദര്‍ശനമായാണ്് ഭരതസ്വാമിയുടെ ചതുര്‍ ബാഹു വിഗ്രഹം പ്രതഷ്ഠിച്ചിരിക്കുന്നത്. പുലര്‍ച്ചേ അഞ്ചിന് നട തുറക്കും. പാല്‍പ്പായസമാണ് പ്രധാന വഴിപാട്. കദളിപ്പഴം, നെയ് വിളക്ക് അര്‍ച്ചന തുടങ്ങിയവയ്ക്കും സൗകര്യമുണ്ട്.
മുളക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രം
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുളള മേജര്‍ ക്ഷേത്രമാണ് മുളക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രം. തിരുമൂഴിക്കുളത്ത് നിന്ന് ശിവേലി ബിംബത്തില്‍ എഴുന്നളളിയെത്തിയതാണ് ലക്ഷ്ണ സ്വാമിയെന്നാണ് വിശ്വാസം. പുലര്‍ച്ചേ അഞ്ചിന് നട തുറക്കും. ചതുര ശ്രീകോവിലില്‍ പടിഞ്ഞാട്ട് ദര്‍ശനമായിട്ടാണ് ശിവേലി ബിബം പ്രതിഷ്ഠിച്ചിരിക്കുന്നത്. ശിവേലി ബിബത്തിന് മുകളില്‍ പഞ്ചലോഹ അങ്കി ചാര്‍ത്തും. പാല്‍പ്പായസമാണ് പ്രധാന പഴിപാട്. ഉദ്ദിഷ്ഠ കാര്യ സിദ്ധിക്കുളള പ്രത്യേക വഴിപാടായ പന്ത്രണ്ട് ഇടങ്ങഴി പാല്‍പ്പായസം തയ്യാറാക്കുന്നത് 12 ഇടങ്ങഴി (16 ലിറ്റര്‍ )പാല്‍ ഉപയോഗിച്ചാണ്. രോഹിണി നാളില്‍ രോഹിണി വാരമുണ്ട്. രോഹിണി വാരപ്പായസവും പ്രധാനമാണ്.
നെടുങ്ങാട്ട് ശത്രുഘ്‌നസ്വാമി ക്ഷേത്രം
മാമ്മലശ്ശേരി ശ്രീരാമ സ്വാമി ക്ഷേത്രത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ കിഴക്ക് മാറി പെരുവ -പെരുവം മൂഴി റോഡില്‍ നിന്ന് അമ്പത് മീറ്റര്‍ ഉളളലേയ്ക്ക് മാറിയാണ് നെടുങ്ങാട്ട് ക്ഷേത്രം. ശത്രുഘ്‌ന സ്വാമിയുടെ ചതുര്‍ബാഹുവായ ശിലാ വിഗ്രഹഹമാണ്.കിഴക്കോട്ടാണ് ദര്‍ശനം. നെടുങ്ങാട്ട് ശ്രീശത്രുഘ്‌നസ്വാമി ക്ഷേത്രം ട്രസ്റ്റിന് കീഴിലാണ് ക്ഷേത്രം. പുലര്‍ച്ചേ അഞ്ചിന് നട തുറക്കും. ശ്രീചക്ര സമര്‍പ്പണം, പാല്‍പ്പായസം, സുദര്‍ശന പുഷ്പാഞ്ജലി എന്നിവയാണ് പ്രധാന വഴിപാടുകള്‍
മാമ്മലശ്ശേരില്‍ എത്തിച്ചേരാന്‍
എറണാകുളം ഭാഗങ്ങളില്‍ നിന്നുളളവര്‍ക്ക് പിറവത്തെത്തി പെരുവംമൂഴി പാതയിലൂടെ അഞ്ച് കിലോമീററര്‍ വടക്കോട്ട്. പെരുമ്പാവൂര്‍ അടക്കമുളള വടക്കന്‍ മേഖലകളില്‍ നിന്നുളളവര്‍ക്ക് എണണാകുളം മുവാറ്റുപുഴ റോഡില്‍ ചൂണ്ടിയിലൊ കോലഞ്ചേരിയിലൊ പെരുവം മൂഴിയിലൊ എത്തി രാമമംഗലം വഴി മാമ്മലശ്ശേരിയിലെത്താം. കിഴക്കന്‍ മേഖലകളില്‍ നിന്നുളളവര്‍ക്ക് മുവാറ്റുപുഴ പിറവം റോഡില്‍ പാമ്പാക്കുട വഴിയൊ അഞ്ചല്‍പ്പെട്ടി വഴിയൊ മാമ്മലശ്ശേരിയിലെത്താം.
ഉദ്ഘാടനം 16 ന് മുളക്കുളത്ത്
നാലമ്പല തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടനം 16 ന് വൈകീട്ട് മുളക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രത്തില്‍ നടക്കും. വ്യാഴാഴ്ച വൈകീട്ട് 5.30 ന് നടക്കുന്ന ചടങ്ങില്‍ മന്ത്രി മോന്‍സ് ജോസഫ് രാമായണ മാസാചരണവും,മന്ത്രി അനൂപ് ജേക്കബ് നാലമ്പലതീര്‍ത്ഥാടനവും ഉദ്ഘാടനം ചെയ്യും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡംഗം അഡ്വ. കെ.രാജു അധ്യക്ഷനാകും. ബോര്‍ഡംഗം അഡ്വ. പി.ഡി.സന്തോഷ്‌കുമാര്‍ മുഖ്യ പ്രഭാഷണം നടത്തും. ക്ഷേത്രം തന്ത്രി മണയത്താറ്റ് അനില്‍ ദിവാകരന്‍ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തും.
ചിത്രങ്ങൾ :
മാമ്മലശ്ശേരി ശ്രീരാമ സ്വാമി ക്ഷേത്രം
മേമ്മുറി ഭരത സ്വാമി ക്ഷേത്രം
മുളക്കുളം ലക്ഷ്മണ സ്വാമി ക്ഷേത്രം
നെടുങ്ങാട്ട് ശത്രുശത്രുഘ്‌ന സ്വാമി ക്ഷേത്രം
