തെരുവ് നായ ആക്രമിക്കുന്നതിനിടെ കരിങ്കൽ ക്വാറിയിലെ പാറയിടുക്കിൽ വീണ ആട്ടിൻ കുട്ടിയെ രക്ഷപെടുത്തി
പിറവം : മണീട് വില്ലേജ് ഓഫീസിന് സമീപം പ്രവർത്തനം നിലച്ച കരിങ്കൽ ക്വാറിയുടെ മുകളിൽ നിന്നും കാൽ വഴുതി ആട്ടി കുട്ടി വീണു. 80 അടിയോളം താഴ്ചയിൽ വീണ ആട്ടിൻകുട്ടി പാറയിടുക്കിൽ കുടുങ്ങി കിടക്കാൻ തുടങ്ങിയിട്ട് മൂന്ന് ദിവസമായി. മണീട് മുരിക്കിടാമറ്റത്തിൽ കുമാരൻ്റെ മൂന്ന് മാസം പ്രായമുള്ള പെൺ ആട്ടിൻ കുട്ടിയാണ് ഭക്ഷണവും വെള്ളവും ലഭിക്കാതെ കടുത്ത ചൂടിൽ കുടുങ്ങി കിടന്നത്. കരിങ്കൽ ക്വാറി പ്രവർത്തിക്കുന്നില്ലങ്കിലും ക്രഷർ പ്രവർത്തനം നടക്കുന്നുണ്ട്. അതിഥി തൊഴിലാളികൾ നാട്ടിൽ പോയതിനാൽ ഒരാഴ്ച ആയി ക്രഷറും പ്രവർത്തിക്കുന്നില്ല. കഴിഞ്ഞ 19 ന് വൈകിട്ട് 6.30 ഓടെ ആണ് സംഭവം.മൂന്ന് വലിയ ആടുകളും രണ്ട് ചെറിയ ആട്ടിൻകുട്ടികളുമാണ് കുമാരനുള്ളത് ഇവയെ അഴിച്ചു വിട്ടിരിക്കുക ആയിരുന്നു. ആട്ടിൻ കൂട്ടം സാധാരണ രീതിയിൽ വീട്ടിലെത്തുമെന്ന പ്രതീക്ഷയിലായിരുന്നു വീട്ടുകാർ. എന്നാൽ രാത്രിയായിട്ടും അടുകൾ എത്തിയില്ല.മഴ മാറിയപ്പോൾ ആടുകളെ അന്വേഷിച്ച് വീട്ടുകാർ പോയെങ്കിലും കണ്ടെത്തിയില്ല.പിറ്റേന്ന് രാവിലെആടുകളെ അന്വേഷിച്ച് കുമാരൻ ക്വാറിയുടെ ഉൾഭാഗത്തേക്ക് ചെന്നപ്പോഴാണ് ആട്ടിൻകുട്ടി ക്വാറിയുടെ കരിങ്കൽ പാറയിടുക്കിൽ കുടുങ്ങിക്കിടക്കുന്നത് കണ്ടെത്തിയത്. ഇതിനിടയിൽ 30 കിലോയോളം തൂക്കം വരുന്ന വലിയ മുട്ടനാടിനെ തെരുവ് നായ്ക്കൾ കടിച്ചു കീറി കൊന്ന നിലയിൽ കണ്ടെത്തി. മറ്റ് അടുകളെ സുരക്ഷിതമായി വീട്ടിൽ എത്തിച്ച ശേഷം പിറവം അഗ്നിശമനസേനയെ വിവരം അറിയിച്ചു.കരിങ്കൽ ക്വാറിക്ക് ഉള്ളിൽ കുടുങ്ങി പോയ ആട്ടിൻ കുട്ടിയെ രക്ഷപ്പെടുത്താൻ ഫയർഫോഴ്സ് സേനക്കും സാധിച്ചില്ല . തുടർന്ന് ഇന്നലെ എറണാകുളം യൂണിറ്റിലെ റെസ്ക്യൂ ടീം,പിറവം ഫയർഫോഴ്‌സ് ടീം എന്നിവരുടെ സംയുക്ത നേതൃത്വത്തിൽ നടത്തിയ രക്ഷാ പ്രവർത്തനത്തിൽ രക്ഷപ്പെടുത്തി.ക്രെയിനിൽ വടം കെട്ടി ദൗത്യ സേനയിലെ രണ്ട് അംഗങ്ങൾ ആട്ടിൻ കുട്ടി കുടുങ്ങിയ പാറക്കെട്ടിൽ ഇറങ്ങിയ ശേഷം രക്ഷപ്പെടുത്തുക ആയിരുന്നു. 2 മണിക്കൂറോളം സമയം എടുത്തു. തെരുവ് നായ്ക്കൾ ആക്രമിക്കാൻ വന്നപ്പോൾ ഓടിയ സമയത്ത് ആകാം ആട്ടി കുട്ടി പാറയിടുക്കിൽ വീണെതെന്ന് വീട്ടുകാർ കരുതുന്നു. ഈ പ്രദേശത്ത് തെരുവ് നായ്ക്കൾ രൂക്ഷമാണ്. മാസങ്ങൾക്ക് മുമ്പ് തെരുവ് നായ ഇവരുടെ കറവയുള്ള ആടിനെ കടിച്ചു കൊന്നിരുന്നു.
ചിത്രം : പറയിടുക്കിൽ വീണ ആറ്റികുട്ടിയെ ഉടമസ്ഥൻ മുരിക്കിടാമറ്റത്തിൽ കുമാരന് കൈമാറിയപ്പോൾ.
