കൂട്ടമായെത്തിയ തെരുവുനായ്ക്കൾ പാടത്ത് കെട്ടിയിരുന്ന ആടുകളെ കടിച്ചുകൊന്നു
പിറവം : കൂട്ടമായെത്തിയ തെരുവുനായ്ക്കൾ പാടത്ത് കെട്ടിയിരുന്ന ആടുകളെ കടിച്ചുകൊന്നു. മുളന്തുരുത്തി കോരഞ്ചിറ പള്ളിക്കു സമീപത്തെ പാടത്ത് തീറ്റാനായി കെട്ടിയിരുന്ന നെടുഞ്ഞയിൽ സോമൻ്റെ 3 ആടുകളെയാണു നായ്ക്കൾ ആക്രമിച്ചത്. ചൊവാഴ്ച ഉച്ചകഴിഞ്ഞു മൂന്നരയോടെയാണു സംഭവം ആടുകളുടെ കരച്ചിലുകേട്ട് ഓടിയെത്തിയ വീട്ടുകാരാണു നായ്ക്കളെ ഓടിച്ചത്. പത്തിലേറെ നായകളാണ് ആടുകളെ ആക്രമിച്ചത്. മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമാണെന്നാണു നാട്ടുകാരുടെ പരാതി. നായ്ക്കൾ വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നതു പതിവായിട്ടും നായ് ശല്യത്തിനു പരിഹാരം കാണാൻ അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം.
ചിത്രം : മുളന്തുരുത്തി കോരഞ്ചിറ പള്ളിക്കു സമീപത്തെ പാടത്ത് തെരുവുനായ്ക്കൾ ആടുകളെ കടിച്ചു കൊന്ന നിലയിൽ.
