മണീടിൽ പൊതുശ്മശാനം വേണ്ടെന്ന് ഭരണസമിതി- പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ചും ധർണയും
പിറവം : മണീട് പഞ്ചായത്ത് പൊതു ശ്മശാനത്തിന് വാങ്ങിയ സ്ഥലം കളിസ്ഥലം മാത്രം നിർമ്മിക്കാനുള്ള പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം ശക്തമായി. ശ്മശാനത്തിനായി വാങ്ങിയ സ്ഥലത്ത് കളിസ്ഥലം മാത്രം നിർമ്മിക്കാൻ എൽഡിഎഫ് എതിർപ്പ് അവഗണിച്ച് കഴിഞ്ഞ 16ന് പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്തു. ഇതിനെതിരെ പട്ടികജാതി ക്ഷേമസമിതി മണീട് വില്ലേജ് കമ്മറ്റി ബുധൻ രാവിലെ 10.30 ന് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തും. മണീട് പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടക്കുന്ന സമരം സംസ്ഥാന ട്രഷറർ വി ആർ ശാലിനി ഉദ്ഘാടനം ചെയ്യും.
പഞ്ചായത്ത് ഭരണസമിതി നിലവിൽ എടുത്ത തീരുമാനം റദ്ദു ചെയ്യുകയും പദ്ധതിക്കായി വാങ്ങിയ സ്ഥലത്ത് ശ്മശാനം നിർമ്മിക്കാനുള്ള ഇടപെടൽ നടത്തണമെന്നും ഇതിന് പിന്നിലുള്ള അഴിമതി അന്വേഷിക്കണമെന്നുമാണ് ആവശ്യം. സ്വകാര്യ റിയൽ എസ്‌റ്റേറ്റ് കമ്പനിക്കായി പൊതു ശ്മശാനം വേണ്ടെന്നു വയ്ക്കാനാണ് പഞ്ചായത്ത് നീക്കമെന്നും ആരോപിക്കുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ പട്ടികജാതിക്കാർ അധിവസിക്കുന്ന പഞ്ചായത്താണ് മണീട്. 22 സങ്കേതങ്ങളിലായി 1200 കുടുംബങ്ങൾ അധിവസിക്കുന്നു. മറ്റു ഹിന്ദു സമുദായങ്ങളിലെ ദാരിദ്രരേഖയ്ക്ക് താഴെയുള്ള 1500 ലേറെ കുടുംബങ്ങളുമുണ്ട്.ഇവർ എല്ലാവരും രണ്ട് സെന്റ് അഞ്ച് സെന്ററ് മാത്രം ഭൂമിയുള്ളവരാണ്. കുടുംബങ്ങളിലെ ഒരാൾ മരണപ്പെട്ടാൽ മറ്റ് പഞ്ചായത്തുകളിലെ പൊതു ശ്മശാനത്തെ ആശയിക്കേണ്ടി വരുന്നു. 2024-25 സാമ്പത്തിക വർഷം ജില്ലാ പഞ്ചായത്ത് മണീട് പഞ്ചായത്തിൽ പൊതുശ്മശാനത്തിന് സ്ഥലം വാങ്ങുന്നതിന് വേണ്ടി 50 ലക്ഷം രൂപ അനുവദിക്കുകയും പഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ സ്ഥലം വാങ്ങുകയും ചെയ്തിരുന്നു .ഈ സ്ഥലമാണ് മറിച്ചു വിറ്റതെന്നാണ് ആരാപണം .
