കേന്ദ്ര ബജറ്റിൽ കേരളത്തെ പൂർണ്ണമായും അവഗണിച്ചു ഫ്രാൻസിസ് ജോർജ് എം.പി
പിറവം : ദീർഘകാലമായി കേരളം ആവശ്യപ്പെടുന്ന ഒരു പദ്ധതി പോലും അനുവദിക്കാൻ തയ്യാറാകാത്തെ കേന്ദ്ര ബജറ്റിൽ വീണ്ടും സംസ്ഥാനത്തെ അവഗണിച്ചിരിക്കുകയാണെന്ന് കേരളാ കോൺഗ്രസ് ഡപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ് എം.പി. പറഞ്ഞു. ബജറ്റിൽ പ്രഖ്യാപിച്ച 7 ഹൈസ്പീഡ് റയിൽ കോറിഡോറിൽ കേരളം ഇല്ല. മുംബൈ കന്യാകുമാരി ഹൈസ് സ്പീഡ് റയിൽ എന്നത് കേരളത്തിൻ്റെ ദീർഘ കാല ആവശ്യമണ് ഇതും പരിഗണിച്ചില്ല. എയിംസ് സംബന്ധിച്ച പ്രഖ്യാപനവും നടപ്പിലായില്ല. കേരളത്തിന് വിവിധ പദ്ധതികൾക്കായി അനുവദിച്ചു വന്നിരുന്ന ഗ്രാൻ്റുകളും വെട്ടി കുറച്ചിരിക്കുകയാണ്.ഇത് വലീയ തോതിൽ ഈ പദ്ധതികളുടെ നടത്തിപ്പിനെ ബാധിക്കുമെന്നും ഫ്രാൻസിസ് ജോർജ് കൂട്ടിച്ചേർത്തു. ഭക്ഷ്യ,ആരോഗ്യ, വളം സബ്സിഡികളിൽ വരുത്തിയ കുറവ് ജനജീവിതത്തെ സാരമായി ബാധിക്കും. തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതത്തിൽ വരുത്തിയിരിക്കുന്ന കുറവ് കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറത്താണ്. കേരളത്തിൻ്റെ കാർഷിക മേഖലയോട് ഇത്രയേറെ അവഗണ കാണിച്ച ബജറ്റ് ഇതിന് മുമ്പായിട്ടില്ല. റബ്ബറിന് വിലസ്ഥിരതാ ഫണ്ട് ഇനത്തിൽ 1000 കോടി രൂപ ചോദിച്ചത് കണ്ടില്ലന്ന് നടിക്കുകയാണ്. റബ്ബറിനെ കുറിച്ച് പരാമർശം പോലും ബജറ്റിൽ ഇല്ല. കോട്ടയത്തിൻ്റെ റയിൽവേ വികസന രംഗത്ത് ആവശ്യപ്പെട്ട കാര്യങ്ങൾ ഒന്നു പോലും പരിഗണിച്ചില്ലന്ന് അദ്ദേഹം പറഞ്ഞു.
