കാർ ഓട്ടോറിക്ഷയിലിടിച്ചു ഡ്രൈവർക്ക് മരണം
പിറവം : കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ ഓണക്കൂർ പെരിയപ്പുറം റോഡിലാണ് അപകടം ഉണ്ടായത്. കെ.എസ്.ആർടിസി റിട്ട.ഡ്രൈവർ ഓണക്കൂർ ഇലവനാക്കുഴിയിൽ സോമൻ (59) ആണ് മരിച്ചത്. അപകടത്തെ തുടർന്ന് രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാരെ വിദ്യാർത്ഥികൾ മർദ്ദിച്ചതായും പരാതിയുണ്ട്. ഇതിനെ തുടർന്ന് ചിന്മയ വിശ്വവിദ്യാപീഠം കല്പിത സർവ്വകലാശാലയ്ക്ക് മുമ്പിൽ നാട്ടുകാർ ഉപരോധം നടത്തി. പ്രദേശത്ത് മണിക്കൂറുകളോളം സംഘർഷാവസ്ഥയും നിലനിന്നു. തുടർന്ന് പിറവം പോലീസ് സ്ഥലത്ത് എത്തിയാണ് നാട്ടുകാരെ നിയന്ത്രിച്ചത്. അതേസമയം കാറിൽ സഞ്ചരിച്ചിരുന്ന 4 വിദ്യാർത്ഥികളിൽ രണ്ട് പേർ പോലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരായി. മറ്റു രണ്ടുപേരെ കോളേജ് കാമ്പസിൽ നിന്നും പോലീസ് പിടികൂടിയിട്ടുണ്ട്. എന്നാൽ നാട്ടുകാരനെ മർദ്ദിച്ച വിദ്യാർത്ഥിയെ പിടികൂടാൻ കഴിയാത്തത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
അമിത വേഗതയിൽ എത്തിയ കാർ ഓട്ടോറിക്ഷയിൽ ഇടിക്കുകയും ഓട്ടോ തലകീഴായി മറിയുകയും ചെയ്തു. തുടർന്ന് കാറുമായി കടന്നുകളയാൻ ശ്രമിച്ച വിദ്യാർത്ഥികളെ നാട്ടുകാർ തടഞ്ഞതോടെയാണ് സംഘർഷം ഉണ്ടായത്. ഇതിനിടയിലാണ് നാട്ടുകാരനായ ബിനോജിന് വിദ്യാർത്ഥികളുടെ മർദ്ധനമേറ്റു. കൂടാതെ രക്ഷാപ്രവത്തനത്തിനും തടസം നിന്നതായും ആക്ഷേപമുണ്ട്. ഇതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തി. പരുക്കേറ്റ സോമനെ പിറവത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സോമന്റെ മരണ വിവരം അറിഞ്ഞതോടെയാണ് നാട്ടുകാർ യൂണിവേഴ്‌സിറ്റിയുടെ കവാടം ഉപരോധിച്ചത്. കുറ്റക്കാരായ വിദ്യാർത്ഥികൾക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് പോലീസ് ഉറപ്പ് നൽകിയതോടെയാണ് മണിക്കൂറുകൾക്ക് ശേഷം സംഘർഷത്തിന് അയവ് വന്നത്. ജനപ്രതിനിധികൾ ഉൾപ്പടെ സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തിയിരുന്നു. അപകടത്തിന് ഇടയാക്കിയ വിദ്യാർഥികൾക്കെതിരെ പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നു സർവകലാശാലയും വ്യക്‌തമാക്കി. സോമന്റെ കുടുംബത്തിന്റെ പരാതി പരിഗണിക്കുമെന്നും അധികൃതർ അറിയിച്ചു. സോമന്റെ സംസ്കാരം പിന്നീട്. ഭാര്യ: റാണി വടയാർ. മക്കൾ: ആതിര (അയർലൻഡ്),ആശിഷ് (ആക്സിസ് ബാങ്ക് പാലക്കാട്). മരുമകൻ: പെരുമ്പടവം അവർമ കൊളമ്പുള്ളിൽ അഖിൽ.
