Back To Top

July 24, 2024

നഗരത്തിൽ അപകടങ്ങൾ തുടർക്കഥയാകുന്നു.

കൂത്താട്ടുകുളം : നഗരത്തിൽ അപകടങ്ങൾ തുടർക്കഥയാകുന്നു.

രണ്ടുദിവസങ്ങളിലായി ഒരേ സ്ഥലത്ത് അപകടങ്ങൾ. ചൊവ്വാഴ്ച ഉച്ചയ്ക്ക് കുഴൽനാട്ട് ബ്രദേഴ്സിനു മുൻവശത്തും ഇന്നലെ രാവിലെ എച്ച്പി പെട്രോൾ പമ്പിന് സമീപവുമാണ് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടങ്ങൾ ഉണ്ടായിരിക്കുന്നത്. ചൊവ്വാഴ്ച ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് പരിക്കേറ്റിരുന്നു. ഇന്നലെ രാവിലെ പിക്ക് അപ്പ്‌ വാൻ കാറിലും കെഎസ്ആർടിസി ബസ്സിലും ഇടിച്ച് അപകടമുണ്ടായി. അപകടത്തിൽ ആർക്കും പരിക്കുകൾ ഇല്ല. രാവിലെ എട്ടിനാണ് സംഭവം. മൂവാറ്റുപുഴ ഭാഗത്ത് നിന്നും അതിവേഗം എത്തിയ പിക്ക് അപ്പ്‌ ജനൗഷധി മെഡിക്കൽ സ്റ്റോറിന് സമീപത്തു നിന്നും റോഡിലേക്ക് കയറുകയായിരുന്ന കാറിൽ ഇടിക്കുകയും തുടർന്ന് പിക്ക് അപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് എതിർ ട്രാക്കിലൂടെ കടന്നു പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സിൽ ഇടിക്കുകയായിരുന്നു.

 

അപകടത്തിൽ പിക്ക് അപ്പ്‌ വാനും കാറിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് എംസി റോഡിൽ ഏറെനേരം ഗതാഗതം സ്തംഭിച്ചു.

തുടർന്ന് കൂത്താട്ടുകുളം പോലീസ് എത്തി വാഹനങ്ങൾ റോഡിൽ നിന്ന് നീക്കം ചെയ്ത ഗതാഗതം പുനസ്ഥാപിച്ചു.

 

അമിതവേഗത മൂലമാണ് പലപ്പോഴും ടൗണിൽ അപകടങ്ങൾ ഉണ്ടാകുന്നത്. വേഗത നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ ഇതുവരെ ടൗണിൽ സജ്ജമായിട്ടില്ല. മേരിഗിരി സ്കൂൾ മുതൽ റിലയൻസ് പെട്രോൾ പമ്പ് വരെയുള്ള ഭാഗത്ത്‌ നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്.

 

 

കൂത്താട്ടുകുളം ടൗണിലെ അപകടങ്ങളും ഗതാഗതക്കുരുക്കും കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായി സിഗ്നൽ ലൈറ്റുകൾ നന്നാക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നെങ്കിലും ഇതുവരെ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.

കഴിഞ്ഞമാസം അവസാനമാണ്

ലൈറ്റുകൾ നന്നാക്കാനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചത് എന്നാൽ ആഴ്ചകൾ പിന്നിട്ടിട്ടും

സിഗ്നൽ ലൈറ്റുകൾക്ക് നഗരത്തിന്റെ ഗതാഗത നിയന്ത്രണം ഏറ്റെടുക്കാൻ കഴിഞ്ഞിട്ടില്ല. നഗരപരിധിയിൽ എത്തുന്ന വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.

 

ഫോട്ടോ : അപകടത്തിൽപ്പെട്ട വാഹനങ്ങൾ.

Prev Post

ദുരൂഹ സാഹചര്യത്തിൽ കട കത്തിനശിച്ചു

Next Post

നഗരസഭയിൽ വീണ്ടും യുഡിഎഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ ബസ്സുകൾ തടഞ്ഞു.

post-bars