Back To Top

October 7, 2024

പ്രിൻസിപ്പൽമാരുടെ സെൽഫ് ഡ്രോയിങ് പദവി ഇല്ലാതാക്കുന്നത് ഒഴിവാക്കണം .എ.എച്ച്.എസ്.ടി.എ

By

 

പിറവം: 2024 ഒക്ടോബര്‍ മാസം മുതല്‍ ജീവനക്കാരുടെ പ്രതിമാസ ശമ്പള ബില്ലില്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ മേലൊപ്പ് ചാർത്തണമെന്ന വിചിത്രമായ ഉത്തരവ് കേരളത്തിലെ എയ്ഡഡ് മേഖലയിലെ ജീവനക്കാരുടെ ശമ്പളം തടസ്സപ്പെടുത്താനുള്ള ആസൂത്രിതമായ സര്‍ക്കാര്‍ നീക്കമാണെന്നും , പുതിയ ഉത്തരവ് എയ്ഡഡ് മേഖലയോടുള്ള വിവേചനമാണെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ (എ. എച്ച്. എസ്. ടി. എ. ) പിറവം മേഖല കോർഡിനേഷൻ കമ്മിറ്റി ആരോപിച്ചു. എൽ.പി മുതൽ കോളേജ് തലം വരെയുള്ള എയ്ഡഡ് മേഖലയിലെ ജീവനക്കാർക്ക് ശമ്പളം മുടങ്ങുന്ന രീതിയാണ് പുതിയ പരിഷ്കാരവുമായി ധനകാര്യ വകുപ്പ് മുന്നോട്ട് പോകുമ്പോൾ ഉണ്ടാവുക. ദീര്‍ഘനാളത്തെ സമര പോരാട്ടത്തിന്റെ ഭാഗമായി 2013 ജനുവരി 16ന് ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് എയ്ഡഡ് വിദ്യാലയങ്ങളിലെ മേലധികാരിയ്ക്ക് സെല്‍ഫ് ഡ്രോയിംഗ് പദവി നല്കി ഉത്തരവിറക്കിയത്. സ്കൂൾ മേലധികാരിയ്ക്ക് ശമ്പളം മാറി നല്കാനുള്ള അധികാരം നിഷേധിക്കുന്ന പുതിയ ഉത്തരവാണ് ഇപ്പോൾ വന്നിരിക്കുന്നത്. ട്രഷറികള്‍ ഡിജിറ്റലൈസ് ചെയ്ത് സ്ഥാപന മേധാവികള്‍ക്ക് നേരിട്ട് ശമ്പള ബില്ലുകള്‍ സമര്‍പ്പിക്കാനുള്ള അനുമതിയും നല്‍കിയതോടെ സാങ്കേതികമായ നൂലാമാലകള്‍ ഒഴിവാക്കി ജീവനക്കാർക്ക് സമയത്ത് ബില്ലുകള്‍ മാറിയെടുക്കാന്‍ ഇതുവരെ സാധിച്ചിരുന്നു. ഇനി മുതൽ എൽ.പി., യു.പി സ്കൂൾ മേലധികാരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ റുടെയും (എ. ഇ. ഒ. ), ഹൈസ്കൂൾ മേലധികാരി ജില്ലാ വിദ്യാഭ്യാസ ഓഫീസ റുടെയും (ഡി. ഇ. ഒ. ) ഹയർ സെക്കൻ്ററി പ്രിൻസിപ്പൽ റീജിയണൽ ഡപ്യൂട്ടി ഡയറക്ടറുടെയും (ആർ. ഡി. ഡി.) അനുമതി വാങ്ങി വേണം ശമ്പളം എടുക്കാൻ. ഹയർ സെക്കൻഡറിക്ക് ഏഴ് റീജിയണൽ ഓഫീസ് മാത്രമാണ് ഉള്ളത്. എറണാകുളം ജില്ലയിൽ 90 എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളും തൃശൂർ ജില്ലയിൽ 93 എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളും ഉണ്ട്. ഈ 183 സ്കൂളുകൾക്കും കൂടി ഒരു മേഖല ഉപമേധാവിയും ഓഫീസ് എറണാകുളത്തുമാണ്. ഔദ്യോഗിക ആവശ്യങ്ങൾക്ക് റീജിയണൽ ഡപ്യൂട്ടി ഡയറക്ടർ ( അർ.ഡി. ഡി. ) ഓഫീസിൽ നിന്നും മാറി നില്ക്കേണ്ടി വരുമ്പോഴും, ലീവ് എടുക്കുമ്പോഴും ഓഫീസിലെ കമ്പ്യൂട്ടർ സേവനങ്ങൾ തടസ്സപ്പെടുമ്പോഴും ജീവനക്കാർക്ക് ശമ്പളം മുടങ്ങുമെന്ന അവസ്ഥയാണ് ഉണ്ടാകാൻ പോകുന്നത്. ഇന്‍ക്രിമെന്റുകള്‍, ഗ്രേഡുകള്‍ എന്നിവ പാസാക്കുന്നതില്‍ അകാരണമായ കാലതാമസം വരുത്തുന്ന ചില ഓഫീസുകളില്‍ ഈ ഉത്തരവ് അദ്ധ്യാപകരേയും ജീവനക്കാരെയും ബുദ്ധിമുട്ടിലാക്കും. എയ്ഡഡ് വിദ്യാലയങ്ങളെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്നും, പ്രസ്തുത ഉത്തരവ് അടിയന്തിരമായി പിന്‍വലിക്കണമെന്നും എ.എച്ച്.എസ്.ടി.എ പിറവം മേഖല കോർഡിനേഷൻ കമ്മറ്റി ആവശ്യപ്പെട്ടു.യോഗത്തിൽ ജില്ല പ്രസിഡൻ്റ് ജോയ് സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ബിനു കെ. വർഗീസ്,

ഓർഗനൈഗിംഗ് സെക്രട്ടറി ടിൻ്റു പൗലോസ്, വനിത ഫോറം ചെയർപേഴ്സൺ ജിബി എ പോൾ, സംസ്ഥാന വൈസ് പ്രസിഡന്റ് വിനോദ് ടി.എൻ, സെക്രട്ടറി ജിജി ഫിലിപ്പ്, ഷാജി വർഗീസ് എന്നിവർ പ്രസംഗിച്ചു.

 

Prev Post

വിദ്യാഭ്യസ അവാർഡുകൾ വിതരണം ചെയ്തു

Next Post

വളർത്തിയവരെ ആദരിച്ചു “വായോ റീഫ്രഷ് ടൂകെ ടൂഫോർ” പരിപാടി നടത്തി.

post-bars