Back To Top

August 17, 2024

ഓട്ടോറിക്ഷയുടെ പെർമിറ്റ് കൂടുതല്‍ വിശാലമാക്കി സംസ്ഥാന സർക്കാർ

തിരുവനന്തപുരം : ഓട്ടോറിക്ഷയുടെ പെർമിറ്റ് കൂടുതല്‍ വിശാലമാക്കി സംസ്ഥാന സർക്കാർ. ഓട്ടോറിക്ഷകള്‍ക്ക് ഇനി സംസ്ഥാനത്ത് ഉടനീളം സർവീസ് നടത്താൻ സാധിക്കും.മുമ്ബ് ജില്ലയിലെ മാത്രം ഓട്ടത്തിന് അനുവദിക്കുന്നതായിരുന്നു ഓട്ടോറിക്ഷകളുടെ പെർമിറ്റ്. ട്രാൻസ്പോർട്ട് അതോറിറ്റിയുടെ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഓട്ടോറിക്ഷ യൂണിയൻ സി.ഐ.ടി.യു. കണ്ണൂർ മാടായി ഏരിയ കമ്മിറ്റി നല്‍കിയ അപേക്ഷ പരിഗണിച്ചാണ് പെർമിറ്റിലെ ഈ മാറ്റം അനുവദിച്ചിരിക്കുന്നത്.

 

പെർമിറ്റില്‍ മുമ്ബുണ്ടായിരുന്ന നിർദേശം അനുസരിച്ച്‌ ജില്ലയ്ക്ക് പുറത്ത് 20 കിലോമീറ്റർ മാത്രം ഓടുന്നുള്ള അനുമതിയാണ് ഓട്ടോറിക്ഷകള്‍ക്ക് നല്‍കിയിരുന്നത്. ഓട്ടോറിക്ഷ ദീർഘദൂര യാത്ര ചെയ്യുന്നതിലെ അപകട സാധ്യത കണക്കിലെടുത്താണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതെന്നാണ് വിലയിരുത്തലുകള്‍. എന്നാല്‍, അപകട നിരക്ക് ഉയരുമെന്ന് വിവിധ കോണുകളില്‍ നിന്നുള്ള മുന്നറിയിപ്പ് മറികടന്നാണ് ഇപ്പോള്‍ സംസ്ഥാന പെർമിറ്റ് നല്‍കിയിരിക്കുന്നതും.ഓട്ടോറിക്ഷ ഇൻ ദ സ്റ്റേറ്റ് എന്ന രീതിയിലാണ് പെർമിറ്റ് സംവിധാനത്തില്‍ മാറ്റം വരുന്നത്. പെർമിറ്റില്‍ പുതിയ ഇളവുകള്‍ ലഭിക്കുന്നതിനായി ഓട്ടോറിക്ഷകള്‍ സ്റ്റേറ്റ് പെർമിറ്റ് ആയി രജിസ്റ്റർ ചെയ്യണം. സ്റ്റേറ്റ് പെർമിറ്റില്‍ യാത്രക്കാരുടെ സുരക്ഷ ഡ്രൈവർ ഉറപ്പുവരുത്തണമെന്ന നിർദേശവും നല്‍കിയിട്ടുണ്ട്. ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാന പെർമിറ്റ് അനുവദിക്കണമെന്ന് സി.ഐ.ടി.യുവിന്റെ നിരന്തര ആവശ്യമായിരുന്നു. എന്നാല്‍, സുരക്ഷ പ്രശ്നത്തിലെ ആശങ്കയാണ് ഇത് നീണ്ടുപോകാൻ കാരണം.

 

റോഡുകളില്‍ ഓട്ടോറിക്ഷയ്ക്ക് അനുവദിച്ചിട്ടുള്ള പരമാവധി വേഗത മണിക്കൂറില്‍ 50 കിലോമീറ്ററാണ്. അതിവേഗപാതകളിലും മറ്റും മറ്റ് വാഹനങ്ങള്‍ വേഗത്തില്‍ പോകുമ്ബോഴുള്ള അപകട സാധ്യത കണക്കിലെടുത്താണ് സംസ്ഥാന പെർമിറ്റ് അനുവദിക്കാതിരുന്നത്. ഇത്തവണ നടന്ന അതോറിറ്റി യോഗത്തിലും ഇക്കാര്യം ചർച്ച ചെയ്തിരുന്നു. എന്നാല്‍, ഇവയെല്ലാം മറികടന്നാണ് സംസ്ഥാനത്തുടനീളം ഓടുന്നതിന് ഓട്ടോറിക്ഷകള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്.

Prev Post

ഇന്നത്തെ പരിപാടി

Next Post

കർഷക ദിനത്തിൽ കുട്ടിക്കർഷകരെ ആദരിച്ചു

post-bars