ശക്തമായ കാറ്റിലും മഴയിലും പിറവം നിയോജകമണ്ഡലത്തിൽ കനത്ത നാശം ; അടിയന്തര യോഗം ചേർന്നു
പിറവം : നിയോജകമണ്ഡലത്തിൽ ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ഉണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനായി അനൂപ് ജേക്കബ് എം.എൽ.എ-യുടെ സാന്നിധ്യത്തിൽ ജില്ലാ കളക്ടര്‍ പ്രിയങ്ക ഐ.എ.സ് –ന്റെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്നു. യോഗത്തിൽ ദുരിതബാധിത പ്രദേശങ്ങളിലെ പുനരധിവാസവും അടിസ്ഥാന സൗകര്യങ്ങളുടെ പുന:സ്ഥാപനവും വേഗത്തിലാക്കാൻ തീരുമാനമായി.മുളന്തുരുത്തി, ആമ്പല്ലൂർ മേഖലകളിലായി ഏകദേശം 250 വൈദ്യുതി പോസ്റ്റുകളും പിറവം, മണീട് , പാമ്പാക്കുട മേഖലകളിലായി 346 പോസ്റ്റുകളും തകർന്നതായി യോഗത്തിൽ വിലയിരുത്തി. തകർന്ന പോസ്റ്റുകൾ അടിയന്തരമായി മാറ്റി വൈദ്യുതി പുന:സ്ഥാപിക്കുന്നതിനു ആലുവ, പെരുമ്പാവൂർ സെക്ഷനുകളിൽ നിന്നുള്ള അധിക തൊഴിലാളികളെയും കരാറുകാരെയും നിയോഗിക്കാൻ തീരുമാനിച്ചതായി എം.എൽ.എ. പറഞ്ഞു. മണീട് പഞ്ചായത്തിൽ ഏകദേശം 22 വീടുകൾ പൂർണമായും തകർന്നതായും മറ്റ് പഞ്ചായത്തുകളിലെ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് പുരോഗമിക്കുകയാണെന്നും യോഗത്തിൽ അറിയിച്ചു. ഭാഗികമായി തകർന്ന വീടുകളുടെ വിവരശേഖരണവും പഞ്ചായത്തുകളുടെ സഹായത്തോടെ തുടരുകയാണ്. കൃഷിനാശത്തിന്റെ കണക്കെടുപ്പ് കൃഷി ഓഫീസർമാരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. ജാതി, കവുങ്ങ്, വാഴ തുടങ്ങി നിരവധി കൃഷികൾക്ക് വ്യാപക നാശനഷ്ടം സംഭവിച്ചതായി വിലയിരുത്തി.യോഗത്തില്‍ പിറവം മുനിസിപാലിറ്റി ചെയര്‍പേഴ്സണ്‍ കെ.ആർ. പ്രദീപ് കുമാര്‍, മണീട് പഞ്ചായത്ത് പ്രസിഡന്റ് ഷിജി ബിജു, രാമമംഗലം പഞ്ചായത്ത് പ്രസിഡന്റ് ജെസി രാജു, തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ്, പാമ്പാക്കുട പഞ്ചായത്ത് പ്രസിഡന്റ് ഷീല ബാബു, മൂവാറ്റുപുഴ ആർ.ഡി.ഒ പ്രേംജി, മൂവാറ്റുപുഴ തഹസീല്‍ദാര്‍ അജിത്ത് കുമാര്‍, കടയന്നൂര്‍ തഹസീല്‍ദാര്‍ ഷീജ, വില്ലേജ് ഓഫീസര്‍മാര്‍, കൃഷി ഓഫീസര്‍മാര്‍, ഫയര്‍ഫോഴ്സ്, ജല വിഭവ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
ചിത്രം : മണീടിൽ ശക്തമായ കാറ്റിൽ തൊഴുത്ത് പൂർണ്ണമായും തകർന്ന നിലയിൽ
