പേപ്പതി –വട്ടപ്പാറ – ആരക്കുന്നം – എടയ്ക്കാട്ടുവയല്‍ – തൃപ്പക്കുടം റോഡിന്റെ നിര്‍മ്മാണം ആരംഭിച്ചു.
പിറവം : പേപ്പതി –വട്ടപ്പാറ – ആരക്കുന്നം – എടയ്ക്കാട്ടുവയല്‍ – തൃപ്പക്കുടം റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. അനൂപ് ജേക്കബ് എം.എല്‍.എ സര്‍ക്കാരിനു നല്കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ആണ് കേന്ദ്ര റോഡ് ഫണ്ടില്‍ നിന്ന് ഇതിനായി 20 കോടി രൂപ അനുവദിച്ചത്. കേന്ദ്ര സര്‍ക്കാരിന് നല്‍കേണ്ട സംസ്ഥാന സര്‍ക്കാരിന്റെ റോഡുകളുടെ പരിഗണനാ ലിസ്റ്റില്‍ പ്രസ്തുത റോഡിനെ ഉള്‍പ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര റോഡ് ഫണ്ടില്‍ നിന്ന് തുക ലഭിച്ചത്. ഈ റോഡിന്റെ ആകെ നീളം 15.50 കി.മീറ്റര്‍ ആണ്. സംസ്ഥാന് നാഷണല്‍ ഹൈവേക്കാണ് ഇതിന്റെ നിര്‍മ്മാണ ചുമതല.
2022-ല്‍ ഇതിന്റെ നിര്‍മ്മാണം ആരംഭിച്ചിരുന്നു. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ഒലിപ്പുറം ഭാഗത്ത് സ്വകാര്യ വ്യക്തി കേസ് ഫയല്‍ ചെയ്യുകയം നിയമ നടപടികള്‍ ഉണ്ടാവുകയും ചെയ്തു. ഒപ്പം തന്നെ ജല്‍ജീവന്‍ മിഷന്റെ പൈപ്പ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കാലതാമസം നേരിടുകയും ചെയ്തു. പൈപ്പ് സ്ഥാപിക്കുന്നത് നീണ്ടു പോയതോടെ റോഡ് നിര്‍മ്മാണ കരാറുകാര്‍ പ്രവൃത്തി ഏറ്റെടുക്കാന്‍ തയ്യാറാകാതെ അവര്‍ സ്വയം ഒഴിവാകാന്‍ നോട്ടീസ് നല്‍കുകയും ചെയ്തു. പിന്നീട് ഫ്രാന്‍സിസ് ജോര്‍ജ് എം.പിയുടേയം, അനൂപ് ജേക്കബ് എം.എല്‍.എ-യുടെയും, കെ.ആര് ജയകുമാറിന്റെയും നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ജല്‍ജീവന്‍ മിഷന്റെ സാങ്കേതിക പ്രശ്നങ്ങള്‍ ഒഴിവാക്കുകയും റോഡിന്റെ നിര്‍മ്മാണം ആരംഭിക്കാനുള്ള സാഹചര്യം ഒരുങ്ങിയതും. . ഇപ്പോള്‍ റോഡ് നിര്‍മ്മാണം ആരംഭിക്കുമ്പോള്‍ പേപ്പതി മുതല്‍ വട്ടപ്പാറ വരെയുള്ള 8 കി.മീ ആണ് ആദ്യഘട്ടമായി ടാറിംഗ് നടത്തുന്നത്. രണ്ടാംഘട്ടമായി ആരക്കുന്നം – എടയ്ക്കാട്ടുവയല്‍ – ഒലിപ്പുറം – തൃപ്പക്കുടം വരെയുള്ള 7.50 കി.മീ ഭാഗവും നിലവിലുള്ള വീതിയില്‍ ടാര്‍ ചെയ്ത് പൂര്‍ത്തിയാക്കും. ഇത് പൂര്‍ത്തിയാക്കുന്നതോടെ മണീട് – എടയ്ക്കാട്ടുവയല്‍ – പിറവം ഭാഗങ്ങളില്‍ നിന്ന് വളരെ വേഗതയില്‍ അരയന്‍കാവ് – വൈക്കം – തലയോലപ്പറമ്പ് ഭാഗത്തേക്കും എത്തിച്ചേരാന്‍ സാധിക്കും. ചെറുകര – വട്ടപ്പാറ – ഏറാതടം റോഡ് ഈ വര്‍ഷത്തെ നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ദേശീയപാത നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സര്‍ക്കാരിലേക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും അനൂപ് ജേക്കബ് എം.എല്‍.എ അറിയിച്ചു.
