തെങ്ങുകയറ്റ തൊഴിലാളിക്ക് രക്ഷകരായി അഗ്നി രക്ഷാ പ്രവർത്തകർ
പിറവം : തെങ്ങിൽ കയറുന്നതിനിടയിൽ തെങ്ങുകയറുന്ന ഉപകരണത്തിന്റെ ബെൽറ്റിൽ കാൽ കുടുങ്ങി തല കീഴായി തൂങ്ങി അപകടത്തിലായ സിജു ജോയിക്ക്(42) രക്ഷകരായി പിറവം അഗ്നി രക്ഷാ സേന പ്രവർത്തകർ. മണീട് പഞ്ചായത്ത് ഏഴക്കരനാട് ആലുങ്കൽ താഴം എന്ന സ്ഥലത്ത് ആലുങ്കൽ വീട്ടിൽ ജോർജ് മത്തായി എന്ന വ്യക്തിയുടെ വീട്ടുവളപ്പിലെ 45 അടിയിൽ കൂടുതൽ ഉയരമുള്ള തെങ്ങിൽ കയറുന്നതിനിടയിലാണ് അപകടത്തിൽ പെട്ടത്. ബെൽറ്റിൽ കാൽ കുടുങ്ങി തല കീഴായി തൂങ്ങി കിടന്ന സിജു ജോയിയെ പരിസരവാസികളായ സുകുമാരൻ, ജോയ് എന്നിവർ, സേന എത്തുന്നതുവരെ തെങ്ങിനോട് ചേർത്ത് കെട്ടി താങ്ങി നിർത്തിയിരുന്നു.തുടർന്ന് പിറവം അഗ്നി രക്ഷാ നിലയത്തിൽ നിന്നും ഗ്രേഡ് സ്റ്റേഷൻ ഓഫീസർ എസ് വിനുവിൻറെ നേതൃത്വത്തിൽ സേനാംഗങ്ങളായ ദീപേഷ് ദിവാകരൻ, എം മഹേഷ്, സി. അലക്സ് എന്നിവർ ലാഡർ ഉപയോഗിച്ച് തെങ്ങിൽ കയറി സാഹസികമായി റെസ്ക്യൂനെറ്റ് റോപ്പ് എന്നിവ ഉപയോഗിച്ച് മറ്റ് സേനാംഗങ്ങളുടെ സഹായത്തോടെ സിജു ജോയിയെ സുരക്ഷിതമായി താഴെയിറക്കി. ആംബുലൻസിൽ കയറ്റി പിറവം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
ചിത്രം : തെങ്ങുകയറുന്ന ഉപകരണത്തിന്റെ ബെൽറ്റിൽ കാൽ കുടുങ്ങി തല കീഴായി തൂങ്ങി അപകടത്തിലായ സിജു ജോയിയെ രക്ഷപ്പെടുത്തുന്ന പിറവം അഗ്നി രക്ഷാ സേന പ്രവർത്തകർ.
