Back To Top

January 27, 2026

നഗരസഭക്ക് ബാധ്യതയായി പിറവത്ത്‌ കണ്ണീറ്റുമലയിലെ പൂന്തോട്ടം

 

പിറവം : മുൻ ഭരണസമിതിയുടെ കാലത്ത് നിർമ്മിച്ച കണ്ണീറ്റുമലയിലെ പൂന്തോട്ടം ഇന്ന് നഗരസഭയ്ക്ക് വൻ ബാധ്യതയായി മാറുന്നു.

പൂന്തോട്ടം നനയ്ക്കുന്നതിനായി ടാങ്കറിൽ വെള്ളം എത്തിക്കുന്നതിന് ചിലവാകുന്ന തുക നഗരസഭയ്ക്ക് അധിക ബാധ്യതയാണ് വരുത്തിവയ്ക്കുന്നത്. നിലവിൽ കടുത്ത വേനലിൽ ഇവിടെ പിടിപ്പിച്ച പച്ച പുല്ലുകൾ കരിഞ്ഞു നശിക്കുകയാണ് . പൊതുശ്മശാനത്തോട് ചേർന്നാണ് 40 ലക്ഷം രൂപ മുടക്കി പൂന്തോട്ടം നിർമ്മിച്ചിരിക്കുന്നത്. നിർമ്മാണ സമയത്ത്‌ തന്നെ ഇതൊരു ആവശ്യമില്ലാത്ത പദ്ധതിയാണെന്നു പരക്കെ ആക്ഷപം ഉയര്ന്നിരുന്നു. പൂന്തോട്ടം നിർമ്മിക്കുന്നതിന് മുൻപായി, അത് നനയ്ക്കുന്നതിനാവശ്യമായ ജല ലഭ്യതയ്ക്കുള്ള സൗകര്യം ഏർപ്പെടുത്താതെ യാതൊരു ദീർഘവീക്ഷണവുമില്ലാതെയാണ് കഴിഞ്ഞ നഗരസഭ ഭരണസമിതി ഈ പദ്ധതി നടപ്പിലാക്കിയത്. ഇത്രയും ഉയർന്ന പ്രദേശത്ത് വാട്ടർ കണക്ഷൻ നൽകിയാലും പ്രയോജനമുണ്ടാകില്ലയെന്ന് വാട്ടർ അതോറിറ്റി അധികൃതർ പറയുന്നു. നേരത്തെ കുഴൽ കിണർ കുത്തിയിട്ടും ഇവിടെ വെള്ളം ലഭിച്ചിരുന്നില്ല . പൂന്തോട്ടം നനക്കുന്നതിന് എത്രയും വലിയ തുക ചിലവാക്കിയാൽ ഇത് വലിയ ഓഡിറ്റ്‌ ഒബ്ജക്ഷന് കാരണമാകുമെന്നും, ഈ പദ്ധതിയുടെ ക്രമക്കെടുകളെ പറ്റി അന്വേഷണം നടത്തുമെന്നും നഗരസഭ ചെയർമാൻ കെ. ആർ പ്രദീപ്‌കുമാർ പറഞ്ഞു. കണ്ണീറ്റുമലയിലെ പദ്ധതി പ്രദേശത്ത് നാട്ടുകാരുടെ പരാതിയെ തുടർന്ന് സന്ദർശനം നടത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം . ഡെപ്യൂട്ടി ചെയർപേഴ്സൺ അന്നമ്മ ഡോമി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അരുൺ കല്ലറയ്ക്കൽ,ജെയ്സൺ പുളിക്കൽ, ഷിബു കരേക്കാട്ട് കൗൺസിലർമാരായ ജെസ്സി തോമസ്, എം കെ ശിവഗിരി, രജി ചുള്ളിക്കൽ, വി.ടി. പ്രതാപൻ എന്നിവരുമൊപ്പമുണ്ടായിരുന്നു.

 

ചിത്രം : നഗരസഭക്ക് ബാധ്യതയായി പിറവത്ത്‌ കണ്ണീറ്റുമലയിലെ പൂന്തോട്ടം നഗരസഭാ ചെയർമാൻ കെ.ആർ.പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ സന്ദർശിച്ചപ്പോൾ .

 

Prev Post

ദിശാ ബോര്‍ഡ് കാര്യക്ഷമമല്ല‌; കാലാനിമറ്റത്ത് വഴിതെറ്റി യാത്രികര്‍

Next Post

ഡോ. മാര്‍ തിയോഫിലോസ് കുരിയാക്കോസ് മെത്രാപ്പൊലീത്തയുടെ ഡയമണ്ട് ജൂബിലി ആഘോഷം

post-bars