ദിശാ ബോര്‍ഡ് കാര്യക്ഷമമല്ല; കാലാനിമറ്റത്ത് വഴിതെറ്റി യാത്രികര്‍
ഇലഞ്ഞി : കാലാനിമറ്റം ജംഗ്ഷനില്‍ വാഹനങ്ങള്‍ക്ക് വഴിതെറ്റുന്നത് പതിവായി മാറുന്നു. സ്റ്റേറ്റ് ഹൈവേ 40 ന്റെ ഭാഗമായ തലയോലപ്പറമ്പ് കൂത്താട്ടുകുളം റോഡില്‍ ഇലഞ്ഞി ടൗണില്‍നിന്നും അര കിലോമീറ്റർ മാറിയാണ് കാലനിമറ്റം ജംഗ്ഷൻ.
ഇവിടെ നിന്നാണ് ഇലഞ്ഞി-നെല്ലൂര്പാറ പിഡബ്യുഡി റോഡ് ആരംഭിക്കുന്നത്. സമീപകാലത്താണ് ഈ റോഡ് ഉന്നത നിലവാരത്തില്‍ പണി പൂർത്തിയാക്കിയത്.
പരിചിതരല്ലാത്ത വാഹന യാത്രക്കാർ വരുമ്പോള്‍ വലത്തോട്ട് തിരിഞ്ഞ് പോകേണ്ടതിന് പകരം നേരെ കിടക്കുന്ന പുതിയ റോഡിലേക്ക് പോകുകയാണ് ചെയ്യുന്നത്. ഇന്നലെ രാവിലെ കട്ടപ്പനയ്ക്ക് പോകുന്ന ലിമിറ്റഡ് സ്റ്റോപ്പ് കെഎസ്‌ആർടിസി ബസ് ഈ റോഡിലൂടെ മുന്നോട്ട് പോകുന്ന സാഹചര്യമുണ്ടായി. പുതിയതായി വന്ന ഡ്രൈവർക്ക് വഴിതെറ്റിയതായിരുന്നു കാരണം. നാട്ടുകാരും ബസ് യാത്രക്കാരും ഇടപെട്ടതിനെ തുടർന്ന് ബസ് പിറകോട്ട് എടുത്ത് യാത്ര തുടരുകയാണ് ചെയ്തത്. കൂത്താട്ടുകുളം-മൂവാറ്റുപുഴ തൊടുപുഴ ഭാഗങ്ങളിലേക്ക് പോകുന്ന നൂറുകണക്കിന് വാഹനങ്ങള്‍ ഇതുവഴി ദിവസേന കടന്നുപോകുന്നുണ്ട്.
നാട്ടുകാരുടെ പരാതിയെ തുടർന്ന് പിഡബ്ല്യുഡി ഇവിടെ ഒരു ദിശാ ബോർഡ് സ്ഥാപിച്ചുവെങ്കിലും അത് വാഹന ഡ്രൈവർമാരുടെ ശ്രദ്ധയില്‍ പെടുന്നില്ല. കൂടുതല്‍ ശ്രദ്ധ കിട്ടുന്ന സ്ഥലത്ത് ബോർഡ് സ്ഥാപിക്കണമെന്ന് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി.ജോസഫ് പിഡബ്ല്യുഡി അധികൃതരോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച് രേഖാമൂലം അധികൃതർക്ക് പരാതി നല്‍കിയതായി എം.പി. ജോസഫ് അറിയിച്ചു.
