ആരക്കുന്നം ടോക് എച്ചിൽ ത്രിദിന ശില്പശാല നടത്തി
പിറവം : ആരകുന്നം ടോക് എച്ച് എഞ്ചിനീയറിംഗ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം ‘ഭാവിയുടെ ഭാഷയെ രൂപപ്പെടുത്തുന്ന ജനറേറ്റീവ് എഐയും ഡാറ്റ സയൻസും’ എന്ന വിഷയത്തിൽ, എ.ഐ.സി.ടി.ഇ വാണി സ്കീമിനു കീഴിൽ ത്രിദിന ശില്പശാല നടത്തി . പ്രാദേശിക ഭാഷയായ മലയാളത്തിൽ സാങ്കേതിക വിദ്യാഭ്യാസത്തിന്റെ വിവിധ നൂതന പഠന മേഖലകൾ ചർച്ച ചെയ്യുക എന്നതായിരുന്നു ശില്പശാലയുടെ ലക്ഷ്യം. കൊച്ചി ഐ .ജി.ഡി.എസ് ടെക്നോളജി കൺസൽട്ടിങ് സീനിയർ മാനേജർ അജിത് നമ്പ്യാരുവീട്ടിൽ ശിൽപശാല ഉദ്ഘാടനം ചെയ്തു. ടോക് എച്ച് സ്ഥാപനങ്ങളുടെ സെക്രട്ടറി മധു ചെറിയാൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പ്രൊഫ. ഡോ. പ്രീതി തെക്കെത്ത്, കമ്പ്യൂട്ടർ വിഭാഗം മേധാവി ഡോ. ശ്രീല ശ്രീധർ, ശില്പശാല സഹകോർഡിനേറ്റർ ഡോ. സജിത്ത് പി ജെ എന്നിവർ ആശംസകൾ നേർന്നു. അക്കാദമിക് വിദഗ്ധരുടെയും വ്യവസായ പ്രൊഫഷണലുകളുടെയും നേതൃത്വത്തിൽ മലയാള ഭാഷയിൽ നടന്ന ഒമ്പത് വിദഗ്ധ സെഷനുകളും, പ്രായോഗിക പഠനത്തിലൂടെയും, കേരളത്തിൽ നിലവിലുള്ള ആപ്ലിക്കേഷനുകളിലൂടെയും, എ.ഐ. , ഡാറ്റാ സയൻസ് എന്നിവയിലെ സങ്കീർണ്ണമായ ആശയങ്ങൾ പഠിതാക്കൾക്ക് മാതൃഭാഷയിൽ ലഭ്യമാക്കി. അക്കാദമിക്, വ്യവസായ മേഖലകളിൽ നിന്നുള്ള 75-ലധികം പേർ പങ്കെടുത്തു.
ചിത്രം : ആരകുന്നം ടോക് എച്ച് എഞ്ചിനീയറിംഗ് കോളേജിൽ നടത്തിയ ശിൽപ്പശാല കൊച്ചി ഐ .ജി.ഡി.എസ് ടെക്നോളജി കൺസൽട്ടിങ് സീനിയർ മാനേജർ അജിത് നമ്പ്യാരുവീട്ടിൽ ഉദ്ഘാടനം ചെയ്യുന്നു.
