പിറവം ഉപജില്ല കലോത്സവം നവംബർ 03 മുതൽ 06 വരെ മണീട് ജി.വി.എച്ച്.എസ്.എസിൽ
പിറവം : പിറവം ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 03 മുതൽ 06 വരെ തീയതികളിൽ മണീടിലെ അഞ്ചു വേദികളിലായി നടക്കും. വിവിധ വിഭാഗങ്ങളിലെ 250 ഓളം ഇനങ്ങളിലായി 3000 ൽപരം വിദ്യാർഥികൾ മാറ്റുരയ്ക്കും. ഗോത്രവർഗ്ഗ കലകളിലെ മത്സരമാണ് ഇത്തവണത്തെ പ്രത്യേകത. ആദ്യദിനത്തിൽ രചനാ മത്സരങ്ങളും സംസ്കൃതോത്സവവുമാണ് നടക്കുന്നത്. പ്രധാന വേദിയായ മണീട് ജി.വി.എച്ച്.എസ് സ്കൂളിൽ നാല് വേദികളിലായി മത്സരങ്ങൾ അരങ്ങേറും. മണീട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളും മത്സരങ്ങൾക്കുള്ള വേദിയാണ്. പൂർണ്ണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ചാണ് കലോത്സവം നടത്തുന്നത്. നാലാം തീയതി രാവിലെ 8.45-ന് സാംസ്കാരിക ഘോഷയാത്ര ആരംഭിക്കും. പ്രധാന വേദിയിൽ പിറവം എം.എൽ.എ അഡ്വ. അനൂപ് ജേക്കബ് കലോത്സവം ഉദ്ഘാടനം ചെയ്യും. മണീട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പോൾ വർഗീസ് അധ്യക്ഷത വഹിക്കും. എറണാകുളം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആശാ സനിൽ മുഖ്യപ്രഭാഷണം നടത്തും. സമാപന സമ്മേളനം എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ അഡ്വ. എൽദോ ടോം പോൾ മുഖ്യപ്രഭാഷണം നടത്തും. കലോത്സവത്തിൻ്റെ നടത്തിപ്പിനായി 14 ഉപസമിതികൾ രൂപീകരിച്ച് വിപുലമായ പ്രവർത്തനം നടന്നു വരികയാണെന്ന് പിറവം എ ഇ ഒ സജീവ് എം പി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ വി.ജെ. ജോസഫ്, ഫിനാൻസ് കമ്മിറ്റി ചെയർപേഴ്സൺ മോളി തോമസ്, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ജോബ് പി. എസ്, മറ്റു ഉപസമിതി ഭാരവാഹികൾ അറിയിച്ചു.
