മുളന്തുരുത്തി സർവീസ് സഹകരണ ബാങ്ക് ക്രമക്കേട് -എൽ.ഡി.എഫ് പ്രക്ഷോഭത്തിലേക്ക് .
പിറവം : മുളന്തുരുത്തി സർവീസ് സഹകരണ ബാങ്കിൽ കോൺഗ്രസ് നേതാക്കൾ കോടികളുടെ വായ്പ തട്ടിപ്പ് നടത്തിയതിൽ നടപടി ആവശ്യപ്പെട്ട് എൽഡിഎഫിൻ്റെ നേതൃത്വത്തിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് എൽഡിഎഫ് നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കോൺഗ്രസ് നേതാവും മുൻ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന രഞ്ജി കുര്യൻ കൊള്ളിയിനാൽ മൂന്ന് സ്ഥലങ്ങൾ ഈട് നൽകി വിവിധ പേരുകളിൽ പത്ത് കോടിയോളം രൂപ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. വഞ്ചിക്കപ്പെട്ടവർ മുളന്തുരുത്തി പോലീസിൽ പരാതി നൽകുകയും പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഓട്ടോറിക്ഷ തൊഴിലാളികളും
കോൺഗ്രസ്, ഐഎൻടിയുസി പ്രവർത്തകരുമായ 11 പേരാണ് പരാതി നൽകിയിട്ടുള്ളത്. രഞ്ജി കുര്യന്റെയും ഭാര്യയുടെയും ഉടമസ്ഥതയിലുള്ള രണ്ട് സ്ഥലത്തെ വസ്തു ഈട് നൽകിയാണ് വായ്പ എടുത്തിരിക്കുന്നത്പ രമാവധി 20 ലക്ഷം രൂപ വരെയാണ് ബാങ്കിൻ്റ വായ്പാ പരിധിയെങ്കിലും വ്യാജ മാർഗ്ഗത്തിലൂടെ പത്തു കോടി രൂപയോളം തട്ടിയെടുക്കുകയായിരുന്നു. തട്ടിപ്പിന് കൂട്ടുനിന്ന ഭരണസമിതി അംഗങ്ങളിൽക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണം എന്ന് എൽഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടു. ഈ മാസം 6 ന് വൈകിട്ട് 5ന് പള്ളിത്താഴത്ത് എൽഡിഎഫിന്റെ നേതൃത്വത്തിൽ സായാഹ്ന പ്രതിഷേധ ധർണ സംഘടിപ്പിക്കും. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി സി ഷിബു ഉദ്ഘാടനം ചെയ്യും.പത്രസമ്മേളനത്തിൽ എൽഡിഎഫ് നേതാക്കളായ പി ഡി രമേശൻ, ടോമി വർഗീസ് , ഒ എ മണി, ജിബി ഏലിയാസ്, ദുർഗാ പ്രസാദ്, പി എൻ പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു.
