ടൂറിസം പദ്ധതികളുടെ വിപുലീകരണം എം.എൽ.എ. യുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.
പിറവം : പിറവം നിയോജകമണ്ഡലത്തിലെ കുരുമല, അരീക്കല്‍ ടൂറിസം പദ്ധതികളുടെ വിപുലീകരണവുമായി ബന്ധപ്പെട്ടുള്ള യോഗം അനൂപ് ജേക്കബ് എം.എല്‍.എ-യുടെ അദ്ധ്യക്ഷതയില്‍ കൂടി. കൂരുമല ടൂറിസം പദ്ധതിക്ക് ചുറ്റും സുരക്ഷാ വേലി തീര്‍ക്കുവാനും അഡ്വഞ്ചര്‍ ടൂറിസം പദ്ധതിക്കായി തയ്യാറാക്കിയ പ്രൊപ്പോസല്‍ സര്‍ക്കാരിന് സമര്‍പ്പിക്കാനും തീരുമാനിച്ചു. ഒരു കോടി രൂപയുടെ പ്രൊപ്പോസലാണ് സര്‍ക്കാരിലേക്ക് സമര്‍പ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സാഹസിക ടൂറിസത്തിന്റെ സാധ്യതകള്‍ കൂരുമാലയില്‍ വിനിയോഗിക്കുക എന്നതാണ് ലക്ഷ്യം വെക്കുന്നതെന്ന് എം.എല്‍.എ പറഞ്ഞു. സര്‍ക്കാരില്‍ നിന്നും അനുമതി ലഭിച്ചാല്‍ ഈ പദ്ധതി യാഥാര്‍ത്ഥ്യമാകും. ഇതുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തും. റോപ്പ് ക്ലൈംമ്പിംഗ്, ഗ്ലാസ് ബ്രിഡ്ജ് തുടങ്ങിയവയാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വേനല്‍ക്കാലത്ത് അരീക്കല്‍ ടൂറിസം പദ്ധതിയില്‍ ജലം എത്തിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തുന്നതിലേക്കായുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി വരുന്നു. ഇതുനുള്ള തുക എം.എല്‍.എ ഫണ്ടില്‍ നിന്ന് ലഭ്യമാക്കും. ഒപ്പം തന്നെ പഞ്ചായത്തിന്റെ ആഭ്യമുഖ്യത്തില്‍ ശുചി മുറിയും മറ്റ് അനുബന്ധ സൗകര്യങ്ങളും കൂടി മെച്ചപ്പെടുത്തും. രണ്ട് പദ്ധതിയുടേയും പുറമ്പോക്ക് ഭൂമി അളന്നു തിട്ടപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കാന്‍ കളക്ടറോട് ആവശ്യപ്പെട്ടതായും അനൂപ് ജേക്കബ് എം.എല്‍.എ അറിയിച്ചു. ഇലഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനില്‍, പാമ്പാക്കുട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകാന്ത് നന്ദനന്‍, വൈസ് പ്രസിഡന്റ് ശ്യാമള പ്രസാദ്, തോമസ് തടത്തില്‍, എം.പി ജോസഫ്, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
