ഉള്ളേലിക്കുന്നിൽ സാമൂഹിക വിരുദ്ധശല്യം രൂക്ഷം
പിറവം : രാമമംഗലം, ഉള്ളേലിക്കുന്ന് വാലുംപുറം പ്രദേശത്തു സാമൂഹിക വിരുദ്ധശല്യം രൂക്ഷം. ഹെവൻസ് ക്ലബിന്റെ നേതൃത്വത്തിൽ വാലുംപുറം റോഡിൽ പൂർത്തിയാക്കിയ നവീകരണ പ്രവർത്തനങ്ങൾ കഴിഞ്ഞ ദിവസം തകർക്കാൻ ശ്രമം നടന്നതായി പരാതി. പെരുവംമൂഴി റോഡിൽ നിന്നു പാടശേഖരങ്ങൾക്കു നടുവിലൂടെ ഉള്ളേലിക്കുന്നിലേക്കുള്ള വാലുംപുറം റോഡിന്റെ ഇരുവശത്തും ക്ലബ് അംഗങ്ങൾ പൂച്ചെടികൾ നേടുകയും ചാരുബഞ്ചുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. കൂടാതെ വഴിവിളക്കുകളും സ്ഥാപിച്ച് പാർക്കിന് സമാനമായ രീതിയിൽ മോടിപിടിപ്പിച്ചിരുന്നു. നാട്ടുകാരെ കൂടാതെ സമീപ പ്രദേശങ്ങളിൽ നിന്നുള്ളവരും വൈകിട്ട് ഇവിടെ കാറ്റു കൊള്ളാനും സമയം ചിലവഴിക്കാനുമായി എത്തിയിരുന്നു. പൊതുജനങ്ങളുടെ സഹകരണത്തോടെയാണ് സജ്ജീകരണങ്ങൾ പൂർത്തിയാക്കിയതെന്ന് ക്ലബ് ഭാരവാഹികൾ പറഞ്ഞു. എന്നാൽ അടുത്തയിടെയായി ചിലർ പദ്ധതിക്ക് എതിർപ്പ് ഉയർത്തിയിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം വഴി വിളക്കുകളിൽ സ്ഥാപിച്ചിരുന്ന ബോർഡുകൾ നശിപ്പിക്കുകയും പോസ്‌റ്റുകൾ ഇളക്കി മാറ്റുകയും ചെയ്തു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടു പൊലീസിനു പരാതി നൽകിയതായി പഞ്ചായത്ത് പ്രസിഡൻ്റ് ജെസി രാജുവും അംഗം ജയിംസ് കെ.മാത്യുവും പറഞ്ഞു.
ചിത്രം : ഉള്ളേലിക്കുന്നിലേക്കുള്ള വാലുംപുറം റോഡ് .
