ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷഠ കാതോലിക്ക ബാവായുടെ 30-ാം അടിയന്തിരം നവംബര്‍ 29 ന്.
കോലഞ്ചേരി: യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ 30-ാം ഓര്‍മ്മദിനം 2024 നവംബര്‍ 29 വെള്ളിയാഴ്ച സഭയുടെ എല്ലാ ദൈവാലയങ്ങളിലും ആചരിക്കുന്നു. രാവിലെ വി. കുര്‍ബ്ബാനയും, അനുസ്മരണ പ്രാര്‍ത്ഥനയും, നേര്‍ച്ച വിളമ്പും നടത്തപ്പെടും. അന്നേദിവസം ശ്രേഷ്ഠ ബാവായുടെ കബറിടം സ്ഥിതി ചെയ്യുന്ന പുത്തന്‍കുരിശ് പാത്രിയര്‍ക്കാസെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ സഭയിലെ അഭിവന്ദ്യരായ മെത്രാപ്പോലീത്താമാരുടെ കാര്‍മ്മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബ്ബാനയും, കബറിങ്കല്‍ പ്രത്യേക ധൂപ പ്രാര്‍ത്ഥനയും, നേര്‍ച്ച വിളമ്പും നടത്തപ്പെടും.
ഡിസംബര്‍ മാസം 08-ാം തീയതി ഞായറാഴ്ച വൈകീട്ട് വിവിധ മേഖലകളിലെ പള്ളികളില്‍ നിന്നും വിശ്വാസികള്‍ തീര്‍ത്ഥയാത്രയായി ശ്രേഷ്ഠ ബാവായുടെ കബറിങ്കല്‍ എത്തിച്ചേരും. തുടര്‍ന്ന് വൈകീട്ട് 6.00 ന് സന്ധ്യാപ്രാര്‍ത്ഥന നടത്തപ്പെടും.
ശ്രേഷ്ഠ ബാവായുടെ 40-ാം അടിയന്തിര ദിനമായ ഡിസംബര്‍ മാസം 09-ാം തീയതി തിങ്കളാഴ്ച സഭയുടെ നേതൃത്വത്തില്‍ പുത്തന്‍കുരിശ് പാത്രിയര്‍ക്കാസെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ രാവിലെ 8.30 ന് ആരംഭിക്കുന്ന വി. കുര്‍ബ്ബാനയ്ക്ക് ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷന്‍ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ മുഖ്യ കാര്‍മ്മികത്വം വഹിക്കും. വി കുര്‍ബ്ബാനയ്ക്കും, അനുസ്മരണ സമ്മേളനത്തിനും, ശേഷം എത്തിച്ചേരുന്ന എല്ലാ വിശ്വാസകള്‍ക്കും അടിയന്തിരത്തോടുബന്ധിച്ച് ക്രമീകരിച്ചിട്ടുള്ള സദ്യയും ഉണ്ടായിരിക്കുന്നതാണ്. മലങ്കര മെത്രാപ്പോലീത്തായും എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് പ്രസിഡന്റുമായ ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ 40-ാം അടിയന്തിര ക്രമീകരണങ്ങള്‍ക്കായി വേണ്ട പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.
Get Outlook for Android
