പിറവം ദർശന ഇനി പുതിയ ഭാവത്തിൽ മിഴി തുറക്കും. നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ തിയേറ്റർ ഏറ്റെടുത്തു
പിറവം: വായ്പാ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് 2025 മെയ് 22- ന് സൗത്ത് ഇന്ത്യൻ ബാങ്ക് പൂട്ടി സീൽ ചെയ്തു മാസങ്ങളായി അടഞ്ഞുകിടന്നിരുന്ന പിറവം ദർശന തിയേറ്റർ ആശീർവാദ് സിനിമാസ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ഏറ്റെടുത്തു. 1979-ൽ പ്രവർത്തനം ആരംഭിച്ച പിറവം ദർശന തിയേറ്റർ അന്ന് പ്രശസ്ത നടൻ മധുവായിരുന്നു ഉദ്ഘാടനം ചെയ്തത് .’ഏഴാം കടലിനക്കരെ’ എന്ന സിനിമയാണ് ദർശനയിൽ ആദ്യമായി പ്രദർശിപ്പിച്ചത് .ദശകങ്ങളുടെ സിനിമാ ചരിത്രം പറയാനുള്ള പിറവം ദർശന തിയേറ്റർ ഇനി പുതിയ ഭാവത്തിൽ. അടഞ്ഞുകിടന്നിരുന്നതിയേറ്റർ ആര് ഏറ്റെടുക്കുമെന്ന ആശങ്കയിലായിരുന്നു നാട്ടുകാർ. പഴയ ഉടമസ്ഥർ തന്നെ തിയേറ്റർ തിരിച്ചുപിടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഒടുവിൽ സിനിമാ ലോകത്തെ ആശീർവാദ് ഗ്രൂപ്പിന്റെ കീഴിലേക്ക് മാറുന്നതോടെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള സിനിമാ അനുഭവമാകും ഇനി പ്രേക്ഷകർക്ക് ലഭിക്കുക. നവീകരണത്തിന് ശേഷം വൈകാതെ തന്നെ തിയേറ്റർ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്നാണ് അറിയുന്നത്.
