Back To Top

July 20, 2026

നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചെന്താമരയ്‌ക്ക് വധശിക്ഷ വിധിച്ച്‌ പാലക്കാട് അഡീഷണല്‍ സെഷൻസ് കോടതി

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചെന്താമരയ്‌ക്ക് വധശിക്ഷ വിധിച്ച്‌ പാലക്കാട് അഡീഷണല്‍ സെഷൻസ് കോടതി.

കേസ് അപൂർവങ്ങളില്‍ അപൂർവമാണെന്നും കോടതി നിരീക്ഷിച്ചു. 140 പേജുള്ള വിധിയാണ് കോടതിയില്‍ വായിച്ചത്.

 

ചെന്താമരയ്‌ക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന സൈക്കാട്രി, സൈക്കോളജി റിപ്പോർട്ടുകള്‍ കോടതി ശരിവച്ചു. താൻ ഗാന്ധിജിയല്ല, ആരെയും വെറുതേവിടില്ല എന്ന ചെന്താമരയുടെ പരാമർശം കോടതി എടുത്തുപറഞ്ഞു. സുധാകരന്റെ മക്കള്‍ക്ക് ചെന്താമര വലിയ ഭീഷണിയാണെന്നും പ്രതിക്ക് യാതൊരുവിധ കുറ്റബോധവുമില്ലെന്നും കോടതി നിരീക്ഷിച്ചു. മറ്റ് സംസ്ഥാനങ്ങളിലെ ഹൈക്കോടതി വിധിയും പാലക്കാട് അഡീഷണല്‍ സെഷൻസ് കോടതി ചൂണ്ടിക്കാട്ടി. എല്ലാ കുറ്റവാളികള്‍ക്കും ഭാവിയുണ്ട്, എല്ലാ വിശുദ്ധർക്കും ഭൂതമുണ്ടെന്നും കോടതി പറഞ്ഞു. പ്രതിഭാഗത്തിന്റെ വാദങ്ങളെല്ലാം കോടതി തള്ളി.

 

കേസ് നേരത്തേ പലതവണ വിധി പറയാൻ മാറ്റിയിരുന്നു. ഇരട്ടക്കൊലപാതകം നടന്ന് ഒന്നര വർഷത്തിന് ശേഷമാണ് ശിക്ഷാവിധിയുണ്ടാകുന്നത്. ക്രൂര കൊലപാതകം നടത്തിയ പ്രതിക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആദ്യംമുതലുള്ള ആവശ്യം. ബിഎൻഎസ് 103(I), 126 (II) വകുപ്പുകള്‍ പ്രകാരം ചെന്താമര കുറ്റക്കാരനെന്നാണ് കോടതി കണ്ടെത്തിയത്. വിധി കേള്‍ക്കാനായി കൊല്ലപ്പെട്ട സുധാകരന്റെ മക്കളും കോടതിയില്‍ എത്തിയിരുന്നു.

 

2025 ജനുവരി 27ന് നെന്മാറ പോത്തുണ്ടി ബോയൻ കോളനി സ്വദേശി സുധാകരൻ, അമ്മ ലക്ഷ്‌മി എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഏകപ്രതിയാണ് ചെന്താമര. 2019 ഓഗസ്റ്റ് 31ന് സുധാകരന്റെ ഭാര്യ സജിതയെയും ചെന്താമര കൊലപ്പെടുത്തിയിരുന്നു. ഈ കേസില്‍ ചെന്താമരയ്‌ക്ക് കോടതി ഇരട്ട ജീവപര്യന്തവും പിഴയും വിധിച്ചിരുന്നു. സജിതയെ കൊന്ന കേസിന്റെ വിചാരണയ്‌ക്കിടെ പരോളിനിറങ്ങിയ സമയത്തായിരുന്നു ഇയാള്‍ സുധാകരനെയും ലക്ഷ്‌മിയെയും കൊലപ്പെടുത്തിയത്. ചെന്താമരയുടെ ഭാര്യ പിണങ്ങിപ്പോകാൻ കാരണം സജിതയാണെന്ന് പറഞ്ഞാണ് വെട്ടിക്കൊന്നത്.

Prev Post

സി. പി ഐ നിയോജക മണ്ഡലം പഠനക്ലാസ്സ് ഉദ്ഘാടനം  

Next Post

പവർ കട്ടിനെതിരെ ഡി.വൈ.എഫ് .ഐ മെഴുക് തിരി കത്തിച്ചു പ്രതിഷേധിച്ചു

post-bars