മുളക്കുളം വടക്കേക്കര തിരുവീശങ്കുളത്ത് ധ്വജ പ്രതിഷ്ഠയ്ക്ക് ആധാരശില സ്ഥാപിച്ചു
പിറവം: പാലച്ചുവട് മുളക്കുളം വടക്കേക്കര തിരുവീശങ്കുളം മഹാദേവ ക്ഷേത്രത്തിൽ നിത്യധ്വജ സ്ഥാപനത്തിന് ഒരുക്കങ്ങളായി. ക്ഷേത്രം തന്ത്രി മണയത്താറ്റ് ദിനേശൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ കൊടിമരത്തിന് ആധാര ശിലാസ്ഥാപനം നടത്തി. കൊടി മരത്തിനായി തൊടുപുഴ നെടിയശാലയിൽ നിന്ന് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്നാണ് പ്രതിഷ്ഠയ്ക്ക് അനുയോജ്യമായ തേക്ക് കണ്ടെത്തിയത്. ക്ഷേത്ര മതിൽക്കകത്ത് വടക്ക് ഭാഗത്ത് നിലം തൊടാതെ
സൂക്ഷിച്ചിരിക്കുന്ന മരം പിന്നീട് ചെത്തി ഉണക്കിയശേഷം കഴിഞ്ഞ ഒൻപത് മാസത്തോളമായി എണ്ണത്തോണിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. 32 ഇനം പച്ചമരുന്നുകൾ ആയിരം ലിറ്റർ എള്ളെണ്ണയിൽ കാച്ചിയെടുത്ത് തൈലത്തിലാണ് സൂക്ഷിച്ചിരുന്നത്. തൈലാധിവാസം പൂർത്തിയാക്കി അത് വെള്ളിയാഴ്ച എണ്ണ ത്തോണിയിൽനിന്ന് പുറത്തെടുത്തു. നവംബർ 30-ന് ഇത് കൊടി മര സ്ഥാനത്ത് ഉയർത്തും. തറ നിരപ്പിൽ 42 അടി ഉയരമുള്ള കൊടി മരത്തിൽ 17 ചെമ്പ് പറകൾ ഇറക്കും. ചെമ്പ് പറകളുടെ നിർമാണം പൂർത്തിയായി. മാർച്ച് 20-നാണ് ധ്വജ പ്രതിഷ്ഠ. ആധാര ശിലാസ്ഥാപന ചടങ്ങിന് മേൽശാന്തി ലാലൻ ശാന്തി, സുധീഷ് ശാന്തി എന്നിവർ സഹകാർമികരായി. ക്ഷേത്രസമിതി ഭാരവാഹികളായ അജയ് പുത്തൻപുരയിൽ, പി.സി. വിനോദ്, മുരളി മോളത്ത്, പ്രകാശ് കലയത്താനം, ടി.കെ. ഉല്ലാസ് തുടങ്ങിയവരും ഒട്ടേറെ ഭക്തരും പങ്കെടുത്തു. ഉച്ചയ്ക്ക് പ്രസാദ ഊട്ട് നടന്നു.
ചിത്രം: മുളക്കുളം വടക്കേക്കര തിരുവിശങ്കുളം മഹാദേവക്ഷേത്രത്തിൽ നിത്യധ്വജ സ്ഥാപനത്തിന് മുന്നോടിയായി ക്ഷേത്രംതന്ത്രി മണയത്താറ്റ് ദിനേശൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ആധാരശില സ്ഥാപിക്കുന്നു
