കോട്ടയം റയിൽവേ സ്റ്റേഷൻ വികസനം അടിയന്തിര നടപടി സ്വീകരിക്കണം – ഫ്രാൻസിസ് ജോർജ് എം.പി.
പിറവം :-വരുമാനത്തിൻ്റെ കാര്യത്തിൽ സതേൺ റെയിൽവേയിൽ ആകെയുള്ള 727 സ്റ്റേഷനുകളിൽ ഇരുപത്തി ഒന്നാം സ്ഥാനത്ത് നിൽക്കുന്നതും ദിനം പ്രതി ഇരുപത്തയ്യായിരത്തോളം യാത്രക്കാർ കടന്നുപോകുന്നതുമായ കോട്ടയം റയിൽവേ സ്റ്റേഷൻ ടെർമിനൽ സ്റ്റേഷനായി ഉയർത്തുവാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കെ.ഫ്രാൻസിസ് ജോർജ് എം.പി. ലോക സഭയിൽ ആവശ്യപ്പെട്ടു.
റയിൽവേ ഭേദഗതി നിയമ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2011 ലെ ബജറ്റിൽ കോട്ടയം സ്റ്റേഷനെ കോച്ചിങ്ങ് ടെർമിനൽ സ്റ്റേഷൻ ആയി ഉയർത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും തുടർ നടപടികൾ ഒന്നും ഉണ്ടായില്ല. മധ്യകേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും കോട്ടയം ജില്ലാ ആസ്ഥാനത്തുള്ളതുമായ ഈ സ്റ്റേഷനിലൂടെയാണ് ലക്ഷക്കണക്കിന് ശബരിമല തീർത്ഥാടകർ കടന്നു പോകുന്നത്. ടൂറിസം രംഗത്ത് കുമരകവും തേക്കടിയും ഉൾപ്പെടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ആളുകൾ വരുന്നത് ഈ സ്റ്റേഷൻ വഴിയാണന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. .
2000 കിലോമീറ്റർ വരെ റയിൽവേയുടെ നിലവിലുള്ള(Railway Platform Tourn Around System) തീരുമാനപ്രകാരം ട്രയിൻ സർവ്വീസ് നീട്ടുന്നതിന് തടസ്സങ്ങൾ ഒന്നുമില്ല. എറണാകുളം വരെ ഇപ്പോൾ സർവീസ് നടത്തുന്ന ബാഗ്ലൂർ – എറണാകുളം ഇൻ്റർസിറ്റി എക്സ്പ്രസ്സ്, പാലക്കാട് – എറണാകുളം മെമ്മു എന്നീ ട്രയിനുകൾ കോട്ടയം വരെ നീട്ടുന്നതിന് ഇത് പ്രകാരം യാതൊരു തടസ്സങ്ങളും ഇല്ല. ഇത് ആരംഭിക്കാൻ സത്വര നടപടി സ്വീകരിക്കണം. റയിൽവേ ബോർഡും ട്രയിനുകളുടെ സമയം നിശ്ചയിക്കുന്ന സമിതയും അംഗീകരിച്ചിട്ടുള്ള പൂനൈ – എറണാകുളം പൂർണ്ണ എക്സ്പ്രസ്സ്, എറണാകുളം -പൂനൈ സൂപ്പർ ഫാസ്റ് എക്സ്പ്രസ് പ്രസ്സ് ട്രയിനുകളും കോട്ടയത്തേക്ക് നീട്ടണമെന്നും ഫ്രാൻസിസ് ജോർജ് എം.പി ആവശ്യപ്പെട്ടു.
