കൂത്താട്ടുകുളത്ത് കെഎസ്‌ആർടിസി ബസ് ജീവനക്കാരും യാത്രക്കാരനും തമ്മില്‍ സംഘർഷം
കൂത്താട്ടുകുളം : കൂത്താട്ടുകുളത്ത് കെഎസ്‌ആർടിസി ബസ് ജീവനക്കാരും യാത്രക്കാരനും തമ്മില്‍ സംഘർഷം. യാത്രക്കാരൻ പഴയ നൂറു രൂപ നോട്ട് നല്‍കിയതുമായി ബന്ധപ്പെട്ടാണ് തർക്കവും മർദനവും ഉണ്ടായത്.മൂവാറ്റുപുഴയില്‍ നിന്ന് കയറിയ യാത്രക്കാരനാണ് പഴയ നോട്ട് നല്‍കിയത്. ഇത് എടുക്കാൻ തയ്യാറല്ല എന്ന് കണ്ടക്ടർ പറഞ്ഞതോടെയാണ് വാക്കുതർക്കം ഉണ്ടായത്. തുടർന്ന് യാത്രക്കാരനെ കൂത്താട്ടുകുളത്ത് ഇറക്കി വിടാൻ തുടങ്ങിയതോടെയാണ് സംഘർഷം.
തൃശൂർ ഡിപ്പോയിലെ ഫാസ്‌റ്റ് പാസഞ്ചർ ബസിലാണ് സംഭവം. കോട്ടയത്തേക്കുള്ള ട്രിപ്പില്‍ ബസ് കൂത്താട്ടുകുളത്ത് എത്തിയപ്പോഴാണ് ഇന്നലെ രാവിലെ 11 മണിയോടെ ബസ് നിർത്തി യാത്രക്കാരനെ ഡ്രൈവറും കണ്ടക്ടറും മർദിച്ചത്. ബസ് ഡ്രൈവർ യാത്രക്കാരൻ്റെ മുഖത്ത് പലതവണ അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ചില യാത്രക്കാരും മർദ്ദിക്കാൻ ഒപ്പം കൂടിയതായി ദൃശ്യത്തില്‍ കാണാം.
മൂവാറ്റുപുഴയില്‍ നിന്നും കോട്ടയത്തിനു പോവുകയായിരുന്ന യാത്രക്കാരൻ ടിക്കറ്റ് എടുക്കുന്നതിനു മുമ്പ് പഴകി കീറിയ 100 രൂപ നോട്ട് നല്‍കിയതാണ് തർക്കം ഉണ്ടാകാൻ കാരണമെന്നാണ് കണ്ടക്ടർ പറയുന്നത്.കണ്ടക്ടർ ആവശ്യപ്പെട്ട പ്രകാരം നോട്ട് മാറ്റി അപകട യാത്രക്കാരൻ തയ്യാറായില്ല.ഇതോടെയാണ് സംഘർഷം ഉണ്ടായത്. ബസില്‍ നിന്നും ഇറങ്ങാൻ പറഞ്ഞിട്ടും യാത്രക്കാരൻ തയ്യാറാവാതെ വന്നതോടെ ബസ് നിർത്തിയ ശേഷം ഡ്രൈവർ ഇറങ്ങി മർദിക്കുകയായിരുന്നു.
മൂവാറ്റുപുഴയില്‍ നിന്നും കയറുന്ന യാത്രക്കാരൻ ആദ്യ ഫെയർ സ്‌റ്റേജായ ആറൂർ ടോപ്പിനു മുൻപ് ടിക്കറ്റ് നല്‍കണം എന്നാണ് ചട്ടം. എന്നാല്‍ കരിമ്പന ഫെയർ സ്‌റ്റേജ് കൂടി കഴിഞ്ഞ് കൂത്താട്ടുകുളം എത്താറായപ്പോഴാണ് കണ്ടക്ടർ എത്തിയത് എന്നത് ശ്രദ്ധേയമാണ്. യാത്രക്കാരൻ ടിക്കറ്റ് എടുക്കാത്തത് സംബന്ധിച്ച് കൂത്താട്ടുകുളം ഡിപ്പോയില്‍ റിപ്പോർട്ട് ചെയ്‌തിട്ടുമില്ല.
