നിലം പൊത്താറായ പിറവത്തെ പോലീസ് ക്വാർട്ടേഴ്‌സുകൾ ; വർഷങ്ങളായി അനക്കമില്ലാതെ അധികാരികൾ
പിറവം: പിറവത്ത് സർക്കിൾ സ്റ്റേഷൻ നിലവിൽ വന്നപ്പോൾ, പോലീസ് ക്വാർട്ടേഴ്‌സിനായി നിർമ്മിച്ച 12 കെട്ടിടങ്ങൾ എല്ലാം തന്നെ നിലം പൊത്താറായ അവസ്ഥയിൽ ആയിട്ട് വർഷങ്ങളായി. ഇൻസ്‌പെക്ടർ ഓഫീസിന്റെ പിറകിലുള്ള രണ്ട് ഏക്കറോളം വരുന്ന സ്ഥലത്താണ് രണ്ടു മുറികളും അടുക്കളയും ഉള്ള കെട്ടിടങ്ങൾ ഉള്ളത്. ഓട് മേഞ്ഞ ഈ കെട്ടിടങ്ങളിൽ ചോർച്ചമൂലം പട്ടികകൾ, കഴുക്കോൽ എന്നിവ ചിതലെടുത്തു, ഇതോടെ താമസക്കാർ ഉപേക്ഷിച്ചു. അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ പലതും ജീർണാവസ്ഥയിലായി. ക്വാർട്ടേഴ്‌സിന്റെ നവീകരണ പ്രവർത്തനങ്ങൾ നടത്താൻ പൊതുമരാമത്ത് തയ്യാറാകാത്തതിനെതുടർന്നാണ് ഇതു സംഭവിച്ചത്. നിലവിൽ താമസിക്കുന്ന കെട്ടിടങ്ങളും നിലം പൊത്താറായ അവസ്ഥയിലുമാണ്. ഇതുമൂലം പിറവം പോലീസുകാർ വാടക വീടുകൾ തേടിയലയുന്നു. നിലവിൽ രണ്ടു ക്വാർട്ടേഴ്‌സിൽ മാത്രമേ താമസക്കാരുള്ളു, അതിൽ പലരും സ്വന്തം കൈയിൽ നിന്നും അറ്റകുറ്റപ്പണികൾക്കായി പണം ചിലവഴിച്ചിട്ടുണ്ട്. പത്തുവർഷത്തോളമായി ഇവിടെ താമസിക്കുന്നവരാണ് അവരിൽ പലരും. ക്വാർട്ടേഴ്‌സിന് ചുറ്റിനും ജീർണ്ണിച്ചു ഏതുനിമിഷവും വീഴാവുന്ന കൂറ്റൻ മരങ്ങളാണ്. മരം മുറിച്ചുമാറ്റുന്ന കാര്യം അന്യോഷിക്കാനായി എത്തിയവർ സ്ഥലം കണ്ടു പോയതല്ലാതെ ഇതുവരെ മറ്റു നടപടികൾ ഒന്നുമുണ്ടായില്ല. പുത്തൻകുരിശ് ഡി.വൈ.എസ്.പിയുടെ കീഴിലുള്ള പിറവം സ്റ്റേഷനിൽ ഇൻസ്‌പെക്ടറും സബ് ഇൻസ്പെക്‌ടറും ഉൾപ്പെടെ അൻപത്തിരണ്ടോളം പോലീസുകാർ ഇവിടെ ജോലി ചെയ്യുന്നു. മുമ്പ് കൂത്താട്ടുകുളം, മുളന്തുരുത്തി, ചോറ്റാനിക്കര എന്നീ സ്റ്റേഷനുകൾ ഉൾപ്പെടുന്നതാണ് പിറവം സർക്കിൾ ഓഫീസ്.കാലപ്പഴക്കം കൊണ്ട് തകർന്ന കെട്ടിടങ്ങൾ പൊളിച്ചുമാറ്റി ഫ്‌ളാറ്റ് മാതൃകയിൽ നിർമ്മിച്ചാൽ പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരമാകും. കാടുകേറി മൂടിക്കിടക്കുന്ന ബാക്കി സ്ഥലം പരേഡ് ഉൾപ്പെടെയുള്ള മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാം. കെട്ടിടങ്ങൾ താമസയോഗ്യമല്ല എന്ന് കാണിച്ച് പൊതുമരാമത്ത് അധികൃതർ സർവ്വേ റിപ്പോർട്ട് കൊടുത്തെങ്കിൽ മാത്രമേ ഈ അവസ്ഥക്ക് പരിഹാരം കാണാൻ കഴിയുകയുള്ളു. നിരവധി തവണ കെട്ടിടങ്ങൾ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയിട്ടും അധികാരപ്പെട്ടവർ കണ്ടില്ലെന്നു നടിക്കുകയാണെന്ന ആക്ഷേപവുമുണ്ട്.
ചിത്രം. പിറവത്തെ നിലം പൊത്താറായ പോലീസ് ക്വാർട്ടേഴ്‌സുകൾ

