കനത്ത മഴയും, മണ്ണെടുപ്പും -സ്വകാര്യ ബസ് ചെളിയിൽ താഴ്ന്നു
പിറവം : തിരുമറയൂരിൽ കനത്ത മഴയിലും വ്യാപക മണ്ണെടുപ്പ് നടത്തിയത് മൂലം റോഡിൽ രൂപപ്പെട്ട് ചെളിയിൽ സ്വകാര്യ ബസ് താഴ്ന്നു. വട്ടപ്പാറ റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസാണ് അപകടത്തിൽ പെട്ടത്. സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ബസിൽ ഉണ്ടായിരുന്നു. ബസ് മറിയാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. എടക്കാട്ടുവയൽ പഞ്ചായത്തിലെ ഏഴാം വാർഡിൽ പേപ്പതി-തിരുമറയൂർ- വട്ടപ്പാറ റോഡിനോടു ചേർന്നുള്ള മലയിലാണ് കഴിഞ്ഞ ശനിയാഴ്ച മുതൽ മണ്ണെടുപ്പ് തുടങ്ങിയത്. 20 സെന്റിൽ നിന്നു മണ്ണെടുക്കാൻ ജിയോളജി വകുപ്പ് അനുമതി നൽകിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വൻതോതിൽ മല ഇടിച്ചു നിരത്തുന്നത്.കൂറ്റൻ മണ്ണു മാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് മല ഇടിച്ചു നിരത്തിയ ശേഷം ടോറസ് ലോറുകളിൽ വ്യവസായിക അടിസ്ഥാനത്തിൽ മണ്ണ് കയറ്റി അയക്കുകയാണ്.നാട്ടുകാരുടെ വ്യാപക പരാതിയെ തുടർന്ന് കുറച്ചുദിവസം മണ്ണെടുപ്പ് നിർത്തിവച്ചിരുന്നു. എന്നാൽ ഇന്നലെ രാവിലെ മുതൽ മണ്ണെടുപ്പ് തുടങ്ങി.രാവിലെ പെയ്ത ശക്തമായ മഴയിലും തകൃതിയായി മണ്ണെടുപ്പ് നടന്നു.ഇതോടെയാണ് റോഡിൽ നിറയെ ചെളി അടിഞ്ഞുകൂടിയത്.കാൽനട യാത്രക്കാർക്ക് പോലും സഞ്ചരിക്കാൻ പറ്റാത്ത വിധം ഒരു കിലോമീറ്റർ ചെളി നിറഞ്ഞു.സമീപത്തുള്ള വീടുകളിൽ നിന്നും ആളുകൾക്ക് റോഡിലേക്ക് ഇറങ്ങാൻ പോലും പറ്റാത്ത രീതിയിൽ ചെളി നിറഞ്ഞിട്ടും മണ്ണെടുപ്പ് നിർത്താൻ തയ്യാറായില്ലെന്നും പരാതിയുണ്ട്.റവന്യൂ പോലീസ് അധികൃതരോട് പരാതി പറഞ്ഞിട്ടും അവഗണിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. മണ്ണെടുപ്പ് നിർത്തിവയ്ക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
