Back To Top

February 2, 2024

നഗരസഭ ചെയർപേഴ്സണ്‍ തെരഞ്ഞെടുപ്പില്‍, സിപിഎം കൗണ്‍സിലറായ ഏലിയാമ്മ ഫിലിപ്പ് വോട്ട് അസാധുവാക്കിയതിനെക്കുറിച്ച്‌ സിപിഎം വിശദീകരണം തേടി

പിറവം:  നഗരസഭ ചെയർപേഴ്സണ്‍ തെരഞ്ഞെടുപ്പില്‍, സിപിഎം കൗണ്‍സിലറായ ഏലിയാമ്മ ഫിലിപ്പ് വോട്ട് അസാധുവാക്കിയതിനെക്കുറിച്ച്‌ സിപിഎം വിശദീകരണം തേടി.പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിയംഗവും, മുന്‍ നഗരസഭാധ്യക്ഷയുമാണ് ഏലിയാമ്മ ഫിലിപ്പ്.ഇതോടെ തുല്യ വോട്ടിംഗ് നില വന്നതിനെത്തുടർന്ന് നറുക്കെടുപ്പ് നടത്തുകയും, യുഡിഎഫ് കൗണ്‍സിലറായ ജിൻസി രാജുവിന് ചെയർപേഴ്സണ്‍ സ്ഥാനം ലഭിക്കുകയും ചെയ്തു. മൂന്നു വർഷ കാലാവധിക്കുശേഷം സിപിഐ കൗണ്‍സിലർ ജൂലി സാബുവിനാണ് ചെയർ പേഴ്സണ്‍ സ്ഥാനം തീരുമാനിച്ചിരുന്നത്.

 

വോട്ട് അസാധുവായ സംഭവത്തില്‍ സിപിഎം പ്രതിക്കൂട്ടിലായി. അടിയന്തര ലോക്കല്‍ കമ്മിറ്റി യോഗത്തിലാണ് വിശദീകരണം തേടാൻ തീരുമാനിച്ചത്. വോട്ട് അസാധുവാണെന്ന് റിട്ടേണിംഗ് ഓഫീസര്‍ പ്രഖ്യാപിച്ചതോടെ തളര്‍ന്ന് വീണ ഏലിയാമ്മ ഫിലിപ്പിനെ സിപിഎം അംഗങ്ങള്‍ ചേര്‍ന്ന് ആരക്കുന്നം എ. പി വര്‍ക്കി മിഷന്‍ ആശപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

 

 

വോട്ടെടുപ്പില്‍ അപാകതകള്‍ ഒഴിവാക്കാൻ എല്‍ഡിഎഫ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം വിളിച്ച്‌ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. 1987 മുതല്‍ തദ്ദേശ തെരഞ്ഞെടുപ്പ് രംഗത്തുളള ഏലിയാമ്മ ഫിലിപ്പ് രണ്ട് വട്ടം പിറവം ഗ്രാമ പഞ്ചായത്തംഗവും ഒരുവട്ടം ബ്ലോക്ക് പഞ്ചായത്തംഗവുമായിരുന്നു.

 

സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗം, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിനാല്‍ ഇത്തരമൊരു അബദ്ധം ആരും പ്രതീക്ഷിച്ചില്ലെന്ന് സിപിഎം പ്രവർത്തകർ പറയുന്നു. പല തവണ ജനപ്രതിനിധിയായ വ്യക്തിക്ക് വോട്ട് ചെയ്യാനറിയില്ലെന്ന് പറയുന്നത് മനസിലാക്കാൻ സാധിക്കുന്നില്ലെന്ന് സിപിഐ നേതാക്കള്‍ പറയുന്നു.

Prev Post

ജോസ്ഗിരി മരിയ ഭവനിൽ നടന്ന മുൻമന്ത്രി കെഎം മാണിയുടെ 91-ാം ജന്മദിനാഘോഷം സിപിഎം…

Next Post

പിറവം ജെ.എം.പി മെഡിക്കൽ വിവിധ വിഭാഗങ്ങളുടെയും നവീകരിച്ച കെട്ടിടത്തിന്റെയും ഉദ്‌ഘാടനം നടത്തി.

post-bars