ബജറ്റിൽ പിറവത്തിന് അവഗണന: സിപി.എം പിറവത്ത് പ്രതിഷേധസായാഹ്നം നടത്തി
പിറവം : സംസ്ഥാന ബജറ്റിൽ പിറവം മണ്ഡലത്തോട് സർക്കാർ കാണിച്ച അവഗണനയിലും എംഎൽഎയും മന്ത്രിയുമായ അനുപ് ജേക്കബ് പുലർത്തുന്ന നിഷ്‌ക്രിയ നിലപാടിലും പ്രതിഷേധിച്ച് സി.പി.ഐ എം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ പിറവത്ത് പ്രതിഷേധസായാഹ്നം നടത്തി. ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പി ബി രതീഷ് അധ്യക്ഷനായി. കെ പി സലിം ,ഒ എൻ വിജയൻ ,ബീന ബാബുരാജ്, സി കെ പ്രകാശ്, സോമൻ വല്ലയിൽ എന്നിവർ സംസാരിച്ചു. ഈ വർഷം മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റില്‍ 29.25 കോടിയുടെ പദ്ധതി അനുവദിച്ചിരുന്നു. കഴിഞ്ഞ ബജറ്റിൽ ഫണ്ട് കുറഞ്ഞുപോയെന്ന് ആരോപിച്ച അനൂപ് ജേക്കബ് ഇത്തവണ മന്ത്രിയായപ്പോൾ വിവിധ പദ്ധതികൾക്കായി 20.5 കോടി രൂപയാണ് അനുവദിച്ചത്. ബജറ്റ് പുതുക്കിയപ്പോൾ 33 ശതമാനം കുറവുണ്ടായി. ടോക്കൺ പ്രൊവിഷനിൽ കൊണ്ടുവന്ന 285.50 കോടിയുടെ ഒൻപത് പദ്ധതികളും യു.ഡി.എഫ് ബജറ്റിൽ ഒഴിവാക്കിയിരുന്നു.എക്സൈസ് കടവ് പാലം, മുടങ്ങിക്കിടക്കുന്ന മുത്തോലപുരം പഴം പച്ചക്കറി സംഭരണ കേന്ദ്രം, വിവിധ റോഡുകൾ, ഉൾപ്പെടെയുള്ള പദ്ധതികളെ പാടെ അവഗണിച്ചതായി നേതാക്കൾ ആരോപിച്ചു.
ചിത്രം : സംസ്ഥാന ബജറ്റിൽ പിറവം മണ്ഡലത്തോട് സർക്കാർ കാണിച്ച അവഗണനയിൽ പ്രതിഷേധിച്ച് സി.പി.ഐ എം ഏരിയ കമ്മിറ്റി പിറവത്ത് നടത്തിയ പ്രതിഷേധസായാഹ്നം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്യുന്നു.
