ആംബുലൻസിന് ചിലവേറുന്നു…… സേവനമാകാതെ……. ആംബുലൻസ് ഓടിയത് 7780 കിലോമീറ്റർ. ആകെ ചിലവ് – 94,665. “കൊണ്ട് പോയ രോഗികൾ ” – “ഒന്ന് “.
കോലഞ്ചേരി :പൂതൃക്ക പി.എച്ച്.സിക്ക് ലഭിച്ച ആംബുലൻസിൻ്റെ ചിലവ് ലക്ഷത്തിലേക്ക് കുതിക്കുന്നു.2 വർഷമായി കൊണ്ടുപോയത് ഒരു രോഗിയെ മാത്രം. 2022 ഒക്ടോബറിൽ ചാലക്കുടി എം.പി ഫണ്ടിൽ നിന്നും അനുവദിച്ച് പൂതൃക്ക പ്രൈമറി ഹെൽത്ത് സെൻ്ററിന് ലഭിച്ച ആംബുലൻസ് ആർക്കും ഉപയോഗപ്പെടാതെ കിടക്കുന്നു.സ്ഥിരം ഡ്രൈവറില്ലാ എന്നും, അതിനുള്ള വരുമാനം പഞ്ചായത്തിന് മുടക്കാനാകില്ലെന്നും, സർക്കാരിൽ നിന്ന് പി. എസ്. സി വഴി ഡ്രൈവർ എത്തട്ടെ എന്നും ആരോഗ്യ വകുപ്പിൽ നിന്നും നിയമിക്കട്ടെ എന്നുമെല്ലാമുള്ള വാദ പ്രതിവാദങ്ങൾ പരസ്പരം നിരത്തുന്നതല്ലാതെ ആംബുലൻസ് കൊണ്ട് പഞ്ചായത്ത് പ്രദേശത്തെ രോഗികൾക്ക് ഒരു ഗുണവുമില്ല. സാധാരണക്കാരിൽ സാധാരണക്കാരായ ആയിരക്കണക്കിന് കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്ത് പലപ്പോഴും ഭീമമായ തുക ചിലവാക്കിയാണ് മറ്റ് സ്വകാര്യ വാഹനങ്ങളിൽ രോഗികളെ ആശുപത്രിയിൽ എത്തിക്കാനാകുന്നത്. 2022ൽ ലഭിച്ച ആംബുലൻസിൻ്റെ സീറ്റുകളിലെ പുത്തൻ പ്ലാസ്റ്റിക്ക് ആവരണങ്ങൾ പോലും ഇനിയും പോയിട്ടില്ല. 20-11-2022 മുതൽ നാളിതുവരെയായി 7780 കിലോമീറ്റർ ഓടിയിട്ടുള്ളതായും ഡീസൽ ചിലവായി 60662 രൂപയും, മെയിൻ്റനൻസ് ചിലവായി 34,003 രൂപയുമായി ആകെ 94,665 രൂപ ഇതിനോടകം 2 -11-2024 വരെ ചിലവായിട്ടുള്ളതായി വിവരാവകാശ രേഖ വ്യക്തമാക്കുന്നുണ്ട്. പ്രവർത്തന ദിവങ്ങളിൽ പത്ത് മണി മുതൽ വൈകിട്ട് 5 മണി വരെയുള്ള സമയത്ത് 10 കിലോമീറ്ററിന് 500 രൂപ നിരക്കിൽ ആംബുലൻസ് സർവ്വീസ് നടത്താനും അധികം വരുന്ന ഓരോ കിലോമീറ്ററിന് 15 രൂപ നിരക്കിൽ ഈടാക്കാനും ജൂലൈ മാസത്തിൽ നടന്ന എച്ച് .എം. സി യോഗത്തിൽ തീരുമാനിച്ചിട്ടുണ്ടെങ്കിലും നിലവിൽ ഡ്രൈവർ ഇല്ലാത്തതിനാൽ ഇത് നടപ്പാക്കാനായിട്ടില്ല. നിലവിൽ പഞ്ചായത്തിലെ കുട്ടികളുടെ പ്രതിരോധ കുത്തിവയ്പ്പിനും, ആശുപത്രിയിൽ മരുന്നുകൾ എത്തിക്കുന്നതിനും, ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശപ്രകാരമുള്ള സേവനങ്ങൾക്കും നിലവിൽ മറ്റ് ആശുപത്രിയിലെ ഡ്രൈവറെ വച്ച് ആംബുലൻസ് ഉപയോഗിക്കുന്നു എന്ന് രേഖകളിലൂടെ പറഞ്ഞ് വകുപ്പ് തലയൂരാൻ നോക്കുമ്പോഴും – സാധാരണക്കാരായ രോഗികൾക്ക് പ്രയോജനപ്പെടാതെ ഇന്നും ആംബുലൻസ് അങ്ങനെ ആശുപത്രി അങ്കണത്തിൽ കിടക്കുകയാണ്. സാധാരണക്കാരായ രോഗികളെ കൊണ്ട് പോകാനുള്ള ഡ്രൈവറേയും കാത്ത്…..
(സജോ സക്കറിയ ആൻഡ്രൂസ് -കോലഞ്ചേരി.)
Get Outlook for Android
