കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
മലപ്പുറം : കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
ഇന്ന് രാവിലെ 10: 30 മണിയോടു കൂടിയാണ് നാടിനെ നടുക്കിയ അപകടം. അപകടത്തില്‍ ബസില്‍ നിന്ന് തെറിച്ചുവീണ ഒരാള്‍ക്കാണ് ജീവൻ നഷ്ടപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ മൂന്ന് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
ഡിവൈഡറില്‍ ഇടിച്ചതിനുശേഷമാണ് ബസ് മറിഞ്ഞതെന്ന് കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. അപകടത്തിന്റെ ആഘാതത്തില്‍ ബസിന്റെ നടുഭാഗം പൂർണമായും തകർന്നിട്ടുണ്ട്. ബസിന്റെ പിൻഭാഗം പൊളിച്ചാണ് മുഴുവൻ യാത്രക്കാരെയും പുറത്തെത്തിച്ചത്. എങ്കിലും, മറിഞ്ഞ ബസിനിടയില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് ഇനിയും ഉറപ്പാക്കാനുണ്ട്
സംഭവസ്ഥലത്ത് ഫയർഫോഴ്സിന്റെയും പൊലീസിന്റെയും നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കോഴിക്കോട് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് ‘ഡിഫെൻഡർ’ ആണ് അപകടത്തില്‍പ്പെട്ടത്. ബസ് അമിതവേഗതയിലായിരുന്നുവെന്നാണ് വിവരം.
കാറിന് മുകളിലേക്കാണ് ബസ് മറിഞ്ഞത്. മരിച്ചയാളുടെ വിവരം പുറത്തുവന്നിട്ടില്ല. പരിക്കേറ്റവരെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്കും ഹീല്‍ഫോർട്ട് ആശുപത്രിയിലേക്കും മാറ്റി
