വായനക്കാർക്കായി വഴിയോര വായനശാല ആരംഭിച്ചു.
പിറവം : മാമലക്കവലയിൽ യാത്രക്കാർക്ക് വേണ്ടി വഴിയോര വായനശാല തുടങ്ങി. വായന ശീലം വളർത്തുന്നതിനും, സർഗാത്മകമായ ഇടപെടലുകൾക്കുമാണ് ഈ ശ്രമദാന സംരംഭം ആരംഭിച്ചിരിക്കുന്നത്..
മാമലക്കവല ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം സ്ഥാപിച്ചിരിക്കുന്ന പ്രത്യേക ഷെൽഫുകളിലാണ് ഗ്രന്ഥശാല ക്രമീകരിച്ചിരിക്കുന്നത്. ഒരേ സമയം 200 പുസ്തകങ്ങൾ വയ്ക്കുവാൻ സൗകര്യമുണ്ട്. ദീർഘകാലം പ്രവാസിയായിരുന്ന പാഴൂർ പടുതോൾ മനയിൽ ഡോ . ബ്രഹ്മദത്തൻ നമ്പൂതിരി ശ്രമദാനമായിട്ടാണ് ഈ സംരംഭം ആരംഭിച്ചത്.
ഏവർക്കും സ്വതന്ത്രമായി പുസ്തകങ്ങൾ എടുക്കുവാനും വായിക്കുവാനും സൗകര്യത്തിനായാണ് തുറന്ന വായനശാല ആരംഭിച്ചിരിക്കുന്നത്. കവലയിൽ വന്നു പോകുന്ന അനവധി ആളുകൾക്കും യാത്രക്കാർക്കും ഒഴിവുസമയങ്ങൾ പ്രയോജനപ്പെടുത്തുവാൻ ഗ്രന്ഥശാല ഉപകരിക്കുമെന്ന്, ശ്രമദാന സംരംഭത്തിന് നേതൃത്വം നൽകിയ നഗരസഭ മുൻ കൗൺസിലർ ബെന്നി വി വർഗീസ് പറഞ്ഞു.
പുസ്തകങ്ങൾ വീട്ടിൽ കൊണ്ടുപോയി വായിച്ചതിന് ശേഷം തിരിച്ചു വയ്ക്കുന്നതിനും, വായനശാലയ്ക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യുന്നതിനും സൗകര്യമുണ്ട്. വരും നാളുകളിൽ വായനക്കാർക്കായി ഇരിപ്പിടങ്ങൾ ഉണ്ടാക്കുവാനും പദ്ധതിയുണ്ട്
.
