സിനിമ പ്രദർശനം നടക്കുന്നതിനിടയിൽ തിയേറ്ററിൽ പുക ഉയർന്നത് പരിഭ്രാന്തി പരത്തി
പിറവം: ഇന്ന് വെള്ളിയാഴ്ച പ്രദർശനം ആരംഭിച്ച പിറവത്തെ ആശിർവാദ് സിനിമ കോംപ്ലക്സിൽ പുക ഉയർന്നു . സിനിമ പ്രദർശനം നടക്കുമ്പോഴാണ് രാവിലെ 11 മണിയോടെ തിയേറ്ററിൽ നിന്നും പുക ഉയർന്നത്. പരിഭ്രാന്തരായ ജനം ഉടനെ പുറത്തിറങ്ങി. ഇതോടെ സിനിമ പ്രദർശനം നിർത്തിവച്ചു. ഇലക്ട്രിക്കൽ ഷോട്ട് സർക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് കരുതുന്നത്. അതേസമയം ടിക്കറ്റ് തുക തിരികെ നൽകുമെന്ന് തിയേറ്റർ പ്രതിനിധികൾ അറിയിച്ചതായി സിനിമാ കാണാൻ എത്തിയവർ പറഞ്ഞു. ദർശന സിനിമ തീയേറ്റർ കഴിഞ്ഞ മെയ് 22 ന് സൗത്ത് ഇന്ത്യൻ ബാങ്ക് ജപ്തിചെയ്തിരുന്നു. തുടർന്ന് ജനുവരിയിലാണ് ആശിർവാദ് സിനിമാസ് ബാങ്കിൽ നിന്നും തീയേറ്റർ വാങ്ങിയത്. തുടർന്ന് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ ഇന്ന് തീയേറ്ററിൽ പ്രദർശനം ആരംഭിക്കുകയായിരുന്നു. തീയേറ്ററിന് പുറത്ത് ഇപ്പോഴും നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കഴിഞ്ഞ ഞായറാഴ്ച മോഹൻലാൽ എത്തിയാണ് തീയേറ്ററിന്റെ ഉദ്ഘടനം നിർവ്വഹിച്ചത്. എന്നാൽ പൊതുജനങ്ങളെ അറിയിക്കാതെയായിരുന്നു ഉദ്ഘടന ചടങ്ങ്. ഇതിനിടെയാണ് ഇന്ന് പ്രദർശനം ആരംഭിച്ചത്.
