ആവേശം അലകടലാക്കി കൊട്ടിക്കലാശം പിറവത്ത്
പിറവം : മൂന്ന് മുന്നണികളുടെയും കരുത്തറിയിച്ച് നടത്തിയ കൊട്ടിക്കലാശം പിറവത്ത് ആവേശ കടലായി മാറി . ആറുമണിക്കാണ് പ്രചരണം അവസാനിക്കുന്നതെങ്കിലും നാലുമണി മുതൽ പ്രചരണ വാഹനങ്ങൾ ടൗണിൽ എത്തി തുടങ്ങിയിരുന്നു. സ്ഥാനാർത്ഥികളുടെ ചിത്രം പതിച്ച പ്ലക്കാർഡുകളും ,ചിഹ്നങ്ങളും ,കൊടി തോരണങ്ങളുമായി പ്രചരണ വാഹനത്തിന്റെ മുകളിൽ കയറി പ്രവർത്തകർ മുദ്രാവാക്യം വിളി തുടർന്നുകൊണ്ടേയിരുന്നു .ശബരിമല കൊള്ളയും ,വികസന വിഷയങ്ങളും ഉയർത്തിക്കാട്ടിയുള്ള പാരടി ഗാനങ്ങൾ മൂന്നു മുന്നണികളുടെയും വാഹനത്തിൽ നിന്ന് ഉയർന്നതോടെ ആവേശം വാനോളം ഉയർന്നു. യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. അനൂപ് ജേക്കബ്, എൽ.ഡി.എഫ് സ്ഥാനാർഥി സാബു .കെ ജേക്കബ്,എൻ.ഡി.എ സ്ഥാനാർഥി ജിബി എബ്രഹാം എന്നിവരാണ് മുന്നണി സ്ഥാനാർത്ഥികളായി മത്സരിക്കുന്നത്. ഇവരെ കൂടാതെ ആം ആദ്മി പാർട്ടിയുടെ എൽദോ എബ്രഹാം, എസ്.യു.സി.ഐ. സ്ഥാനാർഥി . ടി കെ രമണൻ എന്നിവരും, രണ്ട് സ്വതന്ത്രരും അടക്കം ഏഴുപേർ മത്സര രംഗത്തുണ്ട്. കൊട്ടിക്കലാശത്തിൽ അവസാന ലാപ്പിൽ മൂന്ന് സ്ഥാനാർത്ഥികളും ടൗണിൽ എത്തിയതോടെ പ്രചാരണം അതിന്റെ പാരമ്യത്തിലെത്തി.സ്ഥാനാർത്ഥികളെ പ്രവർത്തകർ തേളിലേറ്റിയാണ് വാഹനത്തിന്റെ മുകളിലേക്ക് കയറ്റിയത് . വാഹനത്തിനു മുകളിൽ കയറിയ സ്ഥാനാർത്ഥികൾ പ്രവർത്തകർക്ക് അഭ്യവാദ്യമർപ്പിച്ചു .
