മാർച്ച് 8 ലോക വനിതാ ദിനം – നാമക്കുഴിയിൽ അന്തരാഷ്ട വോളി താരങ്ങളായ നാമക്കുഴി സിസ്റ്റേഴ്സിനെ ആദരിക്കും.
പിറവം : മാർച്ച് 8 വനിതാ ദിനത്തിൽ അന്തരാഷ്ട വോളി താരങ്ങളായ നാമക്കുഴി സിസ്റ്റേഴ്സിന് പിറവം നാമക്കുഴിയിൽ ജനമനാട് ആദരം അർപ്പിക്കും. കാൽനൂറ്റാണ്ടിനു ശേഷം ജൻമനാടിൻ്റെ ആദരവ് ഏറ്റുവാങ്ങാൻ എത്തുന്ന നാമക്കുഴി സിസ്റ്റേഴ്സിനു മുന്നിൽ ഹോക്കി, ഫുട്ബാൾ എന്നി ഇനങ്ങളിൽ മികവ് പ്രകടിപ്പിക്കാൻ വനിത സ്പോർട്സ് അക്കാദമിയിലെ പെൺകുട്ടികൾ പരിശീലനം തുടങ്ങി. നാമക്കുഴി ഗവ. ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ ഡാൽമിയ സിമൻ്റും നാമക്കുഴിയിലെ പൗരാവലിയും ചേർന്നാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. അർജുന അവാർഡ് നേടിയ അദ്യ മലയാളി വനിത കെ സി ഏലമ്മ , പി സി ഏലിയാമ്മ, പി കെ ഏലിയാമ്മ, കെ വി സാറാമ്മ, ലീല, വി വി അന്നക്കുട്ടി, നളിനി, അച്ചാമ്മ എന്നിവർ ഉൾപ്പെട്ട നാമക്കുഴി സഹോദരിമാർ എന്നറിയപ്പെടുന്ന ഇവരായിരുന്നു ഒരു കാലത്ത് കേരള വനിത വോളി ബോൾ ടീം. സംസ്ഥാന സ്കൂൾ ചാമ്പ്യൻഷിപ്പുകളിൽ മികവ് തെളിയിച്ച താരങ്ങളാണ് അന്തരാഷ്ട്ര താരങ്ങളുടെ മുന്നിൽ മികവ് പ്രകടിപ്പിക്കാൻ എത്തുന്നത്.
കെ എം എച്ച് എസ് വെള്ളൂർ, തലയോലപറമ്പ് വൈക്കം മുഹമ്മദ് ബഷീർ സ്കൂൾ, എ ജെ ജോൺ ഗവ ഹയർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, വൈക്കം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, പള്ളിയാട് യുപി സ്കൂൾ, ടി വി പുരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ, മാടിയത്തറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കടുത്തുരുത്തി സെൻ്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ, കടുത്തുരുത്തി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ കുട്ടികൾ മൂന്നു ടീമുകളായി കളികളത്തിൽ മാറ്റുരക്കുന്നത്. ഞായർ പകൽ 2.30 നാണ് മത്സരം അന്തരാഷ്ട്ര താരങ്ങളുടെ സാന്നിധ്യം മുൻകാല പ്രൗഢി വീണ്ടെടുക്കാൻ നാടിൻ്റെ കായിക പെരുമയ്ക്ക് തുണയാകുമെന്ന പ്രതീക്ഷയിലാണ് നാമക്കുഴി സ്വദേശികൾ. കേരളത്തിലെ ഏറ്റവും വലിയ കോളനികളിലൊന്നായ ഇറുമ്പയം , മഠത്തേടം, ചന്ദ്രമല എന്നി കോളനികളിലെ പാവപ്പെട്ട കുട്ടികളും, എറണാകുളം, കോട്ടയം, ആലപ്പുഴ എന്നി ജില്ലകളിലെ സ്ക്കുളുകളിൽ നിന്നായി 100 ഓളം കുട്ടികളാണ് വനിത സ്പോർട്സ് അക്കാദമിയിൽ റോളർ സ്പോർട്സ്, ഫുട്ബോൾ , ഹോക്കി എന്നി ഇനങ്ങളിൽ പരിശീലനം നടത്തുന്നത്. പരിമിത സൗകര്യങ്ങളാണ് പരിശീലനത്തിന് ഉള്ളതെങ്കിലും മികച്ച പരിശീലനമാണ് കൊച്ച് ജോമോൻ ജേക്കബ് നൽകുന്നത്.
1000 കുട്ടികൾ പഠിച്ചിരുന്ന നാമക്കുഴി സ്കൂളിൽ ഇപ്പോൾ 50 ൽ പരം കുട്ടികളെയുളളു. മികച്ച സ്പോൺസർമാരുടെയും സർക്കാരിൻ്റെയും സഹായത്തോടെ ഒരു സ്പോർട്സ് സ്കൂൾ സാക്ഷാൽകരിക്കുകയാണ് നാടിൻ്റെ ലക്ഷ്യം.
ചിത്രം > നാമക്കുഴി സിസ്റ്റേഴ്സിനെ ആദരിക്കുന്ന ചടങ്ങിനോടൊപ്പം നടത്തുന്ന ഫുഡ് ബോൾ , ഹോക്കി ചാമ്പ്യൻ ഷിപ്പുകൾക്കായി പരിശീലനം നടത്തുന്ന കുട്ടികൾ
