പുതിയ ട്രയിനുകൾ കോട്ടയത്ത് സ്വീകരണം നൽകി.
പിറവം : കേരളത്തിൽ നിന്ന് പുതുതായി ആരംഭിച്ച തിരുവനന്തപുരം – ചെർലാപ്പള്ളി (ഹൈദരാബാദ്), നാഗർകോവിൽ – മംഗളൂരു എന്നീ അമൃത് ഭാരത് എക്സ്പ്രസ് ട്രയിനുകൾക്ക് കോട്ടയം റയിൽവേ സ്റ്റേഷനിൽ ഫ്രാൻസിസ് ജോർജ് എം.പി., തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. സ്കൂൾ വിദ്യാർത്ഥികളും യാത്രക്കാരും ഹാരമണിയിച്ചും പൂക്കൾ വിതറിയും ട്രയിനെ വരവേറ്റു. കോട്ടയം നഗരസഭാ ചെയർമാൻ എം.പി. സന്തോഷ്കുമാർ, കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എ.കെ. ജോസഫ്,സെൻട്രൽ ട്രാവൻകൂർ റബ്ബർ ഗ്രോവേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് ജോജി വാളിപ്ലാക്കൽ,സ്റ്റേഷൻ മാനേജർ പി.ജി. വിജയകുമാർ, ഡപ്യൂട്ടി സ്റ്റേഷൻ മാനേജർ മാത്യു ജോസഫ് എന്നിവരും സ്വീകരണ ചടങ്ങിൽ പങ്കെടുത്തു. പുതിയ ട്രയിനുകൾക്ക് കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കുന്ന കാര്യം കേന്ദ്ര റയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ഫ്രാൻസിസ് ജോർജ് എം.പി.പറഞ്ഞു. ഏറ്റുമാനൂർ,കുറുപ്പന്തറ, വൈക്കം റോഡ്, പിറവം റോഡ്, മുളന്തുരുത്തി, തൃപ്പൂണിത്തുറ എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചെങ്കിൽ മാത്രമേ യാത്രാ ദുരിതത്തിന് പരിഹാരം കാണുവാൻ സാധിക്കുകയുള്ളു. പുതിയ മംഗളൂരു എക്സ്പ്രസ് ട്രയിൻ ബംഗളൂരുവിലേക്ക് നീട്ടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ നിന്ന് ബംഗളൂരുവിലേക്ക് ആണ് ഏറ്റവും കൂടുതൽ യാത്ര ക്ലേശം ഉള്ളത്. പുതുതായി ആരംഭിച്ച ട്രയിൻ ബംഗ്ലൂരുവിലേക്ക് നീട്ടുകയും എറണാകുളം ബാഗ്ലൂരു ഇൻ്റർസിറ്റി എക്സ്പ്രസ് കോട്ടയത്തേക്ക് നീട്ടുകയും ചെയ്താൽ ഒരുപരിധി വരെ യാത്രാക്ലേശം പരിഹരിക്കുവാൻ സാധിക്കുമെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.
