5 ലിറ്റർ സംഭരണശേഷിയുള്ള പെട്രോൾ ടാങ്കിൽ 6.21ലിറ്റർ അടിച്ചതായി പമ്പുടമ
പിറവം: കെ.എം പി ജംഗ്ഷനിൽ പുതിയതായി ആരംഭിച്ച ജിയോയുടെ പെട്രോൾ പമ്പിൽ 5 ലിറ്റർ മാത്രം സംഭരണശേഷിയുള്ള തൻ്റെ ഇരുചക്രവാഹനവുമായി ഇന്ധനം നിറക്കാനെത്തിയ വട്ടപ്പാറ സ്വദേശിയായ മാധ്യമപ്രവർത്തകന് നൽകേണ്ടി വന്നത് 6.21ലിറ്റർ പെട്രോളിൻ്റെ പണം. ഒരു ലിറ്ററിലേറെ പെട്രോൾ ഇന്ധന ടാങ്കിൽ ഉണ്ടായിരുന്നെന്നും ഇന്ധനം തീർന്ന ശേഷമല്ല താൻ പമ്പിലെത്തിയതെന്നും മാധ്യമപ്രവർത്തകൾ പറയുന്നു. പുതിയതായി തുടങ്ങിയ പമ്പായതു കൊണ്ടു നല്ല പെട്രോൾ കിട്ടുമെന്നും കരുതിയാണ് ഫുൾ ടാങ്ക് പെട്രോൾ അടിച്ചതെന്നും പറയുന്നു. 2012 മോഡൽ സുസുക്കി ആക്സിസ് 125 ടൂവിലറിൻ്റെ പെട്രോൾ സംഭരണശേഷി 5 ലിറ്ററാണ്. എത്രത്തോളം നിറച്ചാലും 5.6 ലിറ്ററിൽ കൂടുതൽ പെട്രോൾ കാലിയായ ടാങ്കിൽ പോലും നിറക്കാൻ കഴിയില്ല. പമ്പിൽ എത്തുമ്പോൾ ഒരു ലിറ്ററോളം പെട്രോൾ തൻ്റെ വാഹനത്തിൽ ഉണ്ടായിരുന്ന സ്ഥിതിക്ക് 7.21ലിറ്റർ പെട്രോൾ വണ്ടിയിൽ ഉണ്ടാവണം. തട്ടിപ്പു നടന്നതായി ബോധ്യപ്പെട്ടതോടെ സുഹൃത്തായ മാധ്യമ പ്രവർത്തകനൊപ്പം യുവാവ് പമ്പുടമയുടെ ഓഫീസിൽ കയറി കാര്യം പറഞ്ഞെങ്കിലും വണ്ടിയുടെ കമ്പനിയിൽ പോയി പറയാനായിരുന്നു പമ്പുടമയുടെ മറുപടി. 5 ലിറ്റർ ശേഷിയുള്ള ഇരുചക്ര വാഹന ടാങ്കിൽ ആറേകാൽ ലിറ്ററടിച്ചതായി ബില്ലു നൽകിയ പിറവത്തെ ജിയോ പമ്പുടമയുടെ നടപടിക്കെതിരെ ബില്ലടക്കം ലീഗൽ മെട്രോളജി വകുപ്പിൽ രേഖാമൂലം പരാതി നൽകുമെന്ന് തട്ടിപ്പിനിരയായ മാധ്യമപ്രവർത്തകൻ പറഞ്ഞു .
