പിറവം അത്തച്ചമയ ഘോഷയാത്ര ചൊവ്വാഴ്ച
പിറവം : നഗരസഭയുടെ ഈ വര്‍ഷത്തെ ഓണോത്സവം 2025- ആഗസ്റ്റ് 26 ചൊവ്വാഴ്ച അത്തം നാളില്‍ നടക്കുന്ന അത്തച്ചമയ സാംസ്കാരിക ഘോഷയാത്രയോടെ തുടക്കം കുറിക്കും പിറവം സെന്റ് ജോസഫ്സ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് 3.30 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യും. . ഫ്രാന്‍സിസ് ജോര്‍ജ്ജ് എം.പി. ഫ്ളാഗ് ഓഫ് ചെയ്യും. അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ. അത്തപതാക ഉയര്‍ത്തും. സമ്മേളനത്തിന് ശേഷം 4.30 ന് ആരംഭിക്കുന്ന ഘോഷയാത്രയില്‍ വിവിധ നാടന്‍ കലാരൂപങ്ങളായ മഹാബലി, പുലികളി, തമ്പോല, കാളിനൃത്തം, നന്ദികേശന്, ഡോള്‍ഫിന്‍, മയൂര നൃത്തം, അരയന്നം, ഓച്ചിറ കാള, ദേവനൃത്തം, തിറകളി, ഹനുമാന്, നരസിംഹം, ആട്ടകാവടി, കൊട്ടകാവടി, പടയണി, ചെണ്ടമേളം, ശിങ്കാരിമേളം, കാവടിമേളം, തെയ്യം, പഞ്ചവാദ്യം, എന്‍.സി.സി. ബാന്‍ഡ്സെറ്റ് നിശ്ചലദൃശ്യങ്ങള്‍ എന്നിവ അണിനിരക്കുന്നതാണ്. സെന്റ് ജോസഫ്സ് ഹൈസ്കൂളില്‍ നിന്നും ആരംഭിച്ച് പഴയ പെട്രോള്‍ പമ്പ് വഴി കരവട്ടെകുരിശ് കടന്ന് പിറവം ബസ് സ്റ്റാന്റിന് മുമ്പിലൂടെ പള്ളികവല വഴി പാലം കടന്ന് ദേവിപ്പടിയില്‍ സമാപിക്കും. ആഗസ്റ്റ് 25 മുതല്‍ സെപ്തംബര്‍ 5 വരെ പിറവം ടൗണില്‍ മികച്ച രീതിയില്‍ അലങ്കരിക്കുന്ന വ്യാപാര സ്ഥാപനത്തിന് സമ്മാനം നൽകും. സെപ്തംബര്‍ 1, 2 ദിവസങ്ങളില്‍ പിറവം ഫുഡ് ഫെസ്റ്റ് സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി പിറവം പോസ്റ്റ് ഓഫീസ് ജംഗ്ക്ഷന് മുതല്‍ ത്രീറോഡ് ജംഗ്ക്ഷന് വരെ (ബസ് ബേ) ആഗ്സ്റ്റ് 30 ശനി മുതല്‍ സെപ്തംബര്‍ 2 ചൊവ്വാഴ്ച വരെ ഗതാഗതം നിയന്ത്രിച്ചിരിക്കുന്നു. സെപ്തംബര്‍ 1 ന് വൈകുന്നേരം 5 മണിമുതല്‍ തിരുവാതിര കളിയും കൈകൊട്ടികളിയും ഫുഡ്ഫെസ്റ്റ് നടക്കുന്ന സ്റ്റേജില്‍ അരങ്ങേറുന്നതാണ്. 7.30 മുതല്‍ നിറനിലാവ് നാട്ടുകൂട്ടം ബാന്‍ഡിന്റെ നാടന്‍ പാട്ടും ഉണ്ടായിരിക്കുന്നതാണ്. സെപ്തംബര്‍ 2 ന് ഫുഡ്ഫെസ്റ്റ് തുടരുകയും വൈകുന്നേരം 5 മണിക്ക് തീറ്റ മത്സരവും 7 മണി മുതല്‍ പിറവം ഫ്യൂഷന്‍ മ്യൂസിക്കിന്റെ ഫ്യൂഷന്‍ സന്ധ്യ, അന്നേ ദിവസം നഗരസഭ അങ്കണത്തില്‍ 3 മണിക്ക് വടംവലി മത്സരവും നടക്കും. സെപ്തംബര്‍ 3 ബുധനാഴ്ച നഗരസഭ ഹാളില്‍ പൂക്കള മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ചെയർ പേഴ്സൺ അഡ്വ. ജൂലി സാബു, വൈസ് ചെയർമാൻ കെ.പി. സലിം, രാജു പാണാലിക്കൽ, ഗിരീഷ് കും ആർ എന്നിവർ അറിയിച്ചു.
