മുന്നറിയിപ്പ് ബോർഡുകൾ ഇല്ല; അപകടം തുടർക്കഥയാകുന്നു
പിറവം : നടക്കാവ് കൂത്താട്ടുകുളം റോഡിൽ നിരപ്പിനും അഞ്ചൽപ്പെട്ടിക്കുമിടയിൽ അപകടം പതിവാകുന്നു. കഴിഞ്ഞ രാത്രി ഓണക്കൂർ കരയോഗപ്പടിയിൽ റോഡരികിൽ പാർക്കു ചെയ്തിരുന്ന കാറിലേക്കു അഞ്ചൽപ്പെട്ടി ഭാഗത്തു നിന്നു എത്തിയ കാർ ഇടിച്ചു കയറിയതാണ് അവസാനത്തെ അപകടം. ഇടിയുടെ ആഘാതത്തിൽ റോഡിൽ വെട്ടിത്തിരിഞ്ഞ കാർ തലകീഴായി മറിഞ്ഞു. യാത്രക്കാരായ 2 പേരെ പരുക്കുണ്ട്. വേഗത നിയന്ത്രണ സംവിധാനവും മുന്നറിയിപ്പു ബോർഡുകളും ഇല്ലാതായതാണ് അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ആഴ്ച പാണ്ടിയൻ പാറ ക്ഷേത്രത്തിനു സമീപമുള്ള വളവിൽ ഉണ്ടായ അപകടത്തിൽ യാത്രക്കാർക്കു പരുക്കുണ്ട്. കഴിഞ്ഞ 8 വർഷത്തിനിടെ വിവിധ അപകടങ്ങളിലായി 12 ഓളം പേർക്കാണ് ജീവൻ നഷ്ടമായത്. നിരവധി പേർക്കു സാരമായി പരുക്കും സംഭവിച്ചു. നടക്കാവ് റോഡിൽ നിരപ്പു മുതൽ അഞ്ചൽപ്പെട്ടി വരെ ഉള്ള ഭാഗത്താണ് ഏറ്റവുമധികം വളവുകളും കയറ്റിറക്കങ്ങളും ഉള്ളത്. പല വളവുകളിലും എതിർദിശയിൽ നിന്നു വരുന്ന വാഹനം കാണാനാകില്ല. ഉന്നത നിലവാരത്തിൽ പൂർത്തിയാക്കിയ റോഡിൽ ഇറക്കം കൂടി ചേരുന്ന ഭാഗത്തു പരിചയമില്ലാത്ത വാഹനങ്ങൾക്കു നിയന്ത്രണം നഷ്ടപ്പെടുതും അപകടത്തിനു കാരണമാകുന്നുണ്ട്.
ചിത്രം : ഓണക്കൂർ കരയോഗപ്പടിയിൽ നിയന്ത്രണംവിട്ടകാർ തലകീഴായി മറിഞ്ഞ നില
യിൽ
