എൽഡിഎഫ് മുളന്തുരുത്തി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെങ്ങോലപ്പാടം സർവീസ് റോഡ് ഉപരോധിച്ചു.
മുളന്തുരുത്തി:ശബരിമല മണ്ഡലകാലം ആരംഭിക്കുന്നതിന് മുൻപ് അടിയന്തരമായി ചെങ്ങോലപ്പാടം സർവ്വീസ് റോഡ് ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് എൽഡിഎഫ് മുളന്തുരുത്തി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെങ്ങോലപ്പാടം സർവീസ് റോഡ് ഉപരോധിച്ചു. റെയിൽവേ മേൽപ്പാലത്തിന്റെ അപ്പ്രോച്ച് റോഡ് നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കാത്തതിലും, സർവീസ് റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ യാതൊരുവിധ ഇടപെടലും നടത്താത്ത എംഎൽഎയുടെയും ഗ്രാമപഞ്ചായത്ത് യുഡിഎഫ് ഭരണസമിതിയുടെയും നിലപാട് ജനദ്രോഹകരമാണെന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു. പ്രതിദിനം സർവ്വീസ് റോഡിനെ ആശ്രയിക്കുന്ന വാഹനങ്ങൾക്ക് പുറമെ മണ്ഡലകാലം ആരംഭിക്കുന്നതോടുകൂടി വടക്കൻ കേരളത്തിൽ നിന്നും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള നൂറുകണക്കിന് തീർത്ഥാടക വാഹനങ്ങൾ ചോറ്റാനിക്കര ക്ഷേത്ര ദർശനത്തിനു ശേഷം ഈ റോഡിലൂടെ കടന്നു പോകേണ്ടതുണ്ട്. കൂടാതെ വരാൻ ഇരിക്കുന്ന മുളന്തുരുത്തി ജൂബിലി പെരുന്നാൾ അനുബന്ധിച്ച് റോഡിലെ ഗതാഗതകുരുക്ക് രൂക്ഷമാകുന്ന സാഹചര്യമാണുള്ളത്. ആംബുലൻസ് ഉൾപ്പെടെയുള്ള അവശ്യ സർവീസുകൾ ഈ റോഡിലൂടെ കടന്നു പോകുന്നത് ഏറെ ദുഷ്കരവുമാണ്. ഈ സാഹചര്യത്തിൽ അടിയന്തരമായി സർവീസ് റോഡ് ടാർ ചെയ്യുകയോ, കട്ട വിരിക്കുകയോ ചെയ്യണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടു. വിഷയത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി ജില്ലാ കളക്ടർക്ക് എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി പരാതി നൽകിയിട്ടുണ്ട്.മുളന്തുരുത്തി പള്ളിത്താഴത്തു നിന്ന് ആരംഭിച്ച മാർച്ച് സിപിഎം ലോക്കൽ കമ്മിറ്റി അംഗവും മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ
കെ എ ജോഷി ഉദ്ഘാടനം ചെയ്തു .എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി കൺവീനർ ടോമി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. സിപിഎം മുളന്തുരുത്തി ലോക്കൽ സെക്രട്ടറി പി ഡി രമേശൻ, ലോക്കൽ കമ്മിറ്റി അംഗം പി എൻ പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. മേൽ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയും,അപ്രോച്ച് റോഡിന്റെ നിർമ്മാണത്തിന്റെ പേരിൽ അനധികൃതമായി പാടം നിര്ത്തി കോൺഗ്രസ് നേതാവിന്റെ റിസോർട്ടിലേക്ക് റോഡ് നിർമ്മിക്കുന്നതിനുള്ള യുഡിഎഫ് പഞ്ചായത്ത് ഭരണസമിതിയുടെ നീക്കത്തിനെതിരെയും മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് 25 ന് രാവിലെ മാർച്ചും ധർണയും സംഘടിപ്പിക്കുമെന്ന് എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.
