20 കോടിയുടെ ക്രിസ്മസ് പുതുവത്സര ബമ്പർ സമ്മാനത്തിന് അവകാശമുന്നയിച്ച് പിറവം സ്വദേശി
പിറവം : 20 കോടിയുടെ ക്രിസ്മസ് പുതുവത്സര ബമ്പർ സമ്മാനത്തിന് അവകാശമുന്നയിച്ച് പിറവം സ്വദേശി റിട്ടയർഡ് എസ് ഐ സജിമോനാണ് പരാതിയുമായി പൊലീസിനെയും ഹൈക്കോടതിയെയും സമീപിച്ചത്.ഓർമ പിശകില്‍ ലോട്ടറി നഷ്ടപെട്ടതെങ്ങനെ എന്ന് സജിമോൻ ഏഷ്യാനെറ്റ് ന്യൂസിനോട് വിവരിച്ചു.
ഇത് പിറവം പാഴൂർ സ്വദേശി സജിമോൻ, റിട്ടയർഡ് എസ് ഐയാണ്. ലോട്ടറി എടുക്കല്‍ പതിവാക്കിയ വ്യക്തി. ഡിസംബർ ഒന്നിനാണ് കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ക്രിസ്മസ് ബമ്പറും എടുത്തത്. ടിക്കറ്റ് നമ്പർ XC 138455. ടിക്കറ്റില്‍ പേരും വിവരങ്ങളും ഒപ്പും രേഖപ്പെടുത്തി എന്ന് സജിമോൻ. വണ്ടി നമ്പറും മക്കളുടെ ലക്കി നമ്പറും എല്ലാം ചേർന്നു വന്നതിനാലാണ് ഈ നമ്പർ തന്നെ എടുത്തത്.
ട്രാവല്‍ സർവീസ് നടത്തുന്ന സജിമോൻ, സജിമോന്റെ വണ്ടിയില്‍ ശബരിമലയ്ക്ക് പോയ വിശാഖപട്ടണം സ്വദേശികളായ അയ്യപ്പന്മാർ വണ്ടിയില്‍ നെയ്‌പാത്രം മറന്നുവെച്ചിരുന്നു. താൻ വാങ്ങിയ ടിക്കറ്റ് ഈ നെയ് പാത്രത്തിനടിയില്‍ സൂക്ഷിച്ചിരുന്നെന്നും പിന്നീട് വിശാഖപട്ടണം സ്വദേശികള്‍ ആവശ്യപ്പെട്ട പ്രകാരം, നെയ്‌പാത്രം കൊറിയർ ചെയ്തു കൊടുത്തപ്പോള്‍ അതിനൊപ്പം ടിക്കറ്റും അറിയാതെ അയച്ചുവെന്നാണ് പരാതി. എന്നാല്‍ പാത്രം വിശാഖ പട്ടണത്ത് എത്തിയെന്നും ടിക്കറ്റ് കൊറിയർ സ്ഥാപത്തില്‍ നിന്ന് നഷ്ടമായി എന്നും സജിമോൻ പറയുന്നു.
പിറവം പോലീസിനു പരാതി നല്‍കി, സിസിടിവി പരിശോധിച്ചിട്ടും ഫലം ഉണ്ടായില്ല. പിന്നാലെ പിറവം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു. അതിനിടയില്‍ ആണ് ലോട്ടറി അടിച്ചെന്ന് ചൂണ്ടികാട്ടി മറ്റൊരാള്‍ ലോട്ടറി വകുപ്പിനെ സമീപിച്ചത്. ആരെന്നു വ്യക്തമല്ല. ഇതോടെ സജിമോൻ ഹൈക്കോടതിയെ സമീപിച്ചു. സജിമോന്റെ ഹർജിയില്‍ ഇടപെട്ട ഹൈക്കോടതി ടിക്കറ്റിന്റെ നിജസ്ഥിതി ഉറപ്പാക്കും വരെ സമ്മാനതുക കൈമാറരുത് എന്ന് ലോട്ടറി വകുപ്പിനു നിർദേശം നല്‍കിയിരിക്കുകയാണ്.
