തിരഞ്ഞെടുപ്പ് യുദ്ധത്തിൽ ആവനാഴിയിലെ അസ്ത്രങ്ങളെല്ലാമെടുത്ത് പോരാടിയ പടനായകൻ തന്നെ ഇനിയങ്ങോട്ട് കേരളത്തെ നയിക്കും.
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് യുദ്ധത്തിൽ ആവനാഴിയിലെ അസ്ത്രങ്ങളെല്ലാമെടുത്ത് പോരാടിയ പടനായകൻ തന്നെ ഇനിയങ്ങോട്ട് കേരളത്തെ നയിക്കും. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞ് പത്താം ദിനം അങ്ങനെ ആ പ്രഖ്യാപനമെത്തി. വി.ഡി. സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രിയാകും. മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തലയേയും കെ.സി. വേണുഗോപാലിനെയും മറികടന്ന് വി.ഡി. സതീശനെന്ന ഒറ്റപ്പേരിൽ കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വമെത്തി. എംഎൽഎമാരുടെ ഭൂരിപക്ഷവും ഗ്രൂപ്പ് സമവാക്യങ്ങളും സീനിയോറിറ്റി
പരിഗണനകൾക്കുമെല്ലാമപ്പുറം പൊതുവികാരം വി.ഡി.ക്കാണെന്നും അത് കാണാതിരിക്കാനാവില്ലെന്നും എഐസിസി അടിവരയിടുന്നു. ഇനി നയിക്കാൻ വി.ഡി.എസ് തന്നെ.
സാമൂഹികമാധ്യമങ്ങളിൽ മാത്രമല്ല, തെരുവിൽ വരെയെത്തിയ മുഖ്യമന്ത്രിപ്പോരിനൊടുക്കമാണ് വി.ഡി. സതീശന്റെ പേര് എഐസിസി നേതൃത്വം പ്രഖ്യാപിക്കുന്നത്. മുതിർന്ന നേതാക്കൾ ദിവസങ്ങളോളം നടത്തിയ കൂടിക്കാഴ്ചകൾക്ക് ശേഷമാണ് തീരുമാനം. എംഎൽഎമാരുടെ വലിയ പിന്തുണ കെ.സിക്ക് ഉണ്ടെങ്കിലും അത് മാത്രം മാനദണ്ഡമാക്കി മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനാവില്ലെന്ന വിലയിരുത്തലിൽ നേതൃത്വം എത്തി. ഘടകകക്ഷികളുടെ അഭിപ്രായവും പൊതുവെയുള്ള ജനവികാരവും കൂടി കണക്കിലെടുത്താണ് തീരുമാനമെന്നത് വ്യക്തം. അങ്ങനെ ഉമ്മൻ ചാണ്ടിക്ക് ശേഷം കോൺഗ്രസ് മുഖ്യമന്ത്രിയായി വി.ഡി. സതീശൻ എത്തുന്നു.
വി.ഡി. സതീശന് ലഭിച്ച അംഗീകാരം കൂടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്ന യാഥാർഥ്യം നേതൃത്വത്തിന്റെ കണ്ണുതുറപ്പിച്ചുവെന്നുവേണം മനസിലാക്കാൻ. കാരണം കഴിഞ്ഞ അഞ്ച് വർഷം സതീശൻ നടത്തിയ പ്രവർത്തനങ്ങളുടെ ഫലമാണ് യുഡിഎഫിനുണ്ടായ വൻ വിജയം. വിവാദങ്ങൾ പ്രതിപക്ഷത്തിന് നേരെയും ഉയർന്നെങ്കിലും ശക്തമായ നിലപാടെടുത്ത് മുന്നോട്ടുപോകാൻ സതീശന് സാധിച്ചു. സർക്കാരിനെതിരേ ഉയർന്നുവന്ന വിഷയങ്ങൾ ജനങ്ങൾക്ക് മുന്നിൽ കൃത്യമായി അവതരിപ്പിച്ചു. ഉറച്ച തീരുമാനമാണെങ്കിൽ ഉറപ്പായും ജനങ്ങൾ കൂടെനിൽക്കുമെന്ന് പാർട്ടിയിലെയും മുന്നണിയിലെയും നേതാക്കളെ ബോധ്യപ്പെടുത്തി. ആ തീരുമാനങ്ങൾ നടപ്പാക്കാൻ അദ്ദേഹം കാണിച്ച മിടുക്കാണ് യുഡിഎഫിന്റെ തലവരമാറ്റിത്തുടങ്ങിയത്. അങ്ങനെയാണ് തകർന്നുകിടന്ന യുഡിഎഫിനെ ഭരണമാറ്റത്തിന് പോന്ന കെട്ടുറപ്പുള്ള സംവിധാനമായി സതീശൻ പൊളിച്ചുപണിയുന്നത്.
ഇടതുപക്ഷത്തിന്റെ പ്രതീക്ഷ തകർത്ത് തദ്ദേശത്തിൽ യുഡിഎഫ് അടിത്തറ ശക്തിപ്പെടുത്തിയപ്പോൾ തന്നെ ഈ മാറ്റം പ്രകടമായിരുന്നു. സ്ഥാനാർഥിനിർണയംമുതൽ പ്രചാരണരീതിവരെ മാറ്റം കൊണ്ടുവരാൻ ശ്രമിച്ചതാണ് യുഡിഎഫ് രാഷ്ട്രീയത്തിൽ സതീശനുണ്ടാക്കിയ മാറ്റം. രാഹുൽ മാങ്കൂട്ടത്തിലിനെതിരേ പരാതിയുയർന്നപ്പോൾത്തന്നെ സംരക്ഷിക്കാനില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. നിലപാടുകളിൽ വിട്ടുവീഴ്ചകളില്ലാതെയാണ് സതീശൻ രാഷ്ട്രീയ ഗോദയിലിറങ്ങിയത്.
