Back To Top

July 4, 2026

ഗതാഗതക്കുരുക്കിൽ വീർപ്പു മുട്ടി പിറവം ടൗൺ ; അശാസ്ത്രീയ പാർക്കിംഗിനെതിരെ യാതൊരു നടപടിയുമില്ല

 

പിറവം : ടൗണിലും പരിസര പ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് ദിനംപ്രതി രൂക്ഷമായി മാറിയിരിക്കുന്നു. ഗതാഗത നിയന്ത്രണമില്ലാത്തതും,നിയമങ്ങൾ കർശനമാക്കാത്തതുമാണ് ടൗണിനെ ശ്വാസം മുട്ടിക്കുന്ന കുരുക്കിലേക്ക് നയിക്കുന്നത്. പ്രധാന റോഡുകളുടെ ഇരുവശങ്ങളിലും തലങ്ങും വിലങ്ങുമായി ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഇപ്പോൾ പതിവുകാഴ്ചയായി മാറിയിരിക്കുകയാണ്. വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിലും ജംഗ്ഷനുകളിലും നിരവധി വാഹനങ്ങൾ നിർത്തിയിടുന്നുണ്ട്. ഇത് കാൽനടയാത്രക്കാർക്കും മറ്റ് വാഹനങ്ങൾക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. നിയമലംഘനങ്ങൾക്ക് എതിരെ അധികൃതരുടെ ഭാഗത്തുനിന്നും യാതൊരുവിധ നടപടിയും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. പിറവം കരവട്ടെ കുരിശ് റോഡ്‌ മുതൽ താഴെ ബസ്സ്റ്റാൻഡ് വരെയുള്ള റോഡിൽ അലക്ഷ്യമായ പാർക്കിംഗ് കാരണം കാൽനടയാത്രക്കാർക്ക് റോഡിലൂടെ നടക്കാൻ കഴിയാത്ത സാഹചര്യമാണ്. വലിയ വാഹനങ്ങൾ വരുമ്പോൾ പലപ്പോഴും അപകടങ്ങൾ തലനാരിഴയ്ക്കാണ് ഒഴിവാകുന്നത്.വ്യാപാര സ്ഥാപനങ്ങൾക്ക് സ്വന്തമായി പാർക്കിംഗ് സൗകര്യം ഇല്ലാത്തതും ടൗണിൽ ഒരു പൊതു പാർക്കിംഗ് കേന്ദ്രം ഇല്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു. പോലീസോ നഗരസഭയോ ഇടപെട്ട് ട്രാഫിക് നിയമങ്ങൾ കർശനമാക്കുകയും ട്രാഫിക് വാർഡന്മാരുടെ സേവനം ഉറപ്പാക്കുകയും ചെയ്യണം . ഇതോടൊപ്പം വാഹങ്ങളിൽ എത്തി ടൗണിൽ നടത്തുന്ന വഴിയോര കച്ചവടങ്ങൾ നിയന്ത്രിക്കാനുള്ള നടപടികളും സ്വീകരിക്കണമെന്നാണ് ആവശ്യം .

 

ചിത്രം : പിറവം ടൗണിലെ ഗതാഗത കുരുക്ക്

.

Prev Post

വായന ലഹരിയാക്കാം: വെളിയനാട് സെന്റ് പോൾസിൽ ലഹരിവിരുദ്ധ ബോധവൽക്കരണം

post-bars