മാള്‍ട്ടയില്‍ ജോലി വാഗ്ദാനം ചെയ്ത് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ചെങ്ങന്നൂർ സ്വദേശിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.
രാമമംഗലം : മാള്‍ട്ടയില്‍ ജോലി വാഗ്ദാനം ചെയ്ത് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ചെങ്ങന്നൂർ സ്വദേശിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.ചെങ്ങന്നൂരില്‍ ട്രാവല്‍സ് നടത്തിയിരുന്ന സി. ദിവ്യമോളെ (40) ആണ് രാമമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 2021 ലാണ് കേസിനാസ്പദമായ സംഭവം. രാമമംഗലം ഊരമന മണ്ണാപ്പറമ്ബില് എം.കെ. സുരേഷില്‍നിന്നാണ് പലപ്പോഴായി 7.75 ലക്ഷം രൂപ തട്ടിയെടുത്തത്. സുരേഷിന്റെ മകന് മാള്‍ട്ടയില്‍ ജോലി ലഭ്യമാക്കാമെന്ന് ഉറപ്പ് നല്‍കിയാണ് ചെങ്ങന്നൂരില്‍ ട്രാവല്‍സ് നടത്തിയിരുന്ന രാജേഷും ഭാര്യ ദിവ്യാമോളും ചേർന്ന് പണം തട്ടിയെടുത്തത്. പണവും മകന്റെ പാസ്പോർട്ടും സർട്ടിഫിക്കറ്റുകളടക്കമുള്ള രേഖകളും ഇവർ വാങ്ങിവെച്ചു.ഊരമനയില്‍ തടിപ്പണി വർക്ക് ഷോപ്പ് നടത്തുന്ന സുരേഷ് രാമമംഗലം സർവിസ് സഹകരണ ബാങ്കില്‍നിന്ന് പത്ത് ലക്ഷം രൂപ ഇതിനായി ലോണെടുത്തിരുന്നു. വായ്പ തുക പലിശയടക്കം 13.5 ലക്ഷം രൂപയായിട്ടും മകന് ജോലിക്ക് വിസ ലഭിച്ചില്ല. തുടർന്ന് പണം തിരികെ നല്കാൻ ആവശ്യപ്പെട്ടെങ്കിലും അതും നടന്നില്ല. തുടർന്നാണ് ഏതാനും മാസം മുമ്ബ് സുരേഷ് രാമമംഗലം പൊലീസില്‍ പരാതി നല്‍കിയത്.
കേസന്വേഷിച്ച പോലീസ് ദമ്ബതിമാരെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി. ഭർത്താവ് രാജേഷ് രണ്ട് ലക്ഷം രൂപ വാങ്ങിയെന്നും അത് കിട്ടിയാലുടൻ വിസ ലഭ്യമാക്കാമെന്നും പോലീസിന്റെ സാന്നിധ്യത്തില്‍ യുവതി ഉറപ്പ് നല്കി. പക്ഷേ അതും നടന്നില്ല. പിന്നീട് പൊലീസ് വിളിച്ചിട്ടും ഇവർ ഫോണെടുത്തില്ല
ഇതിനിടയില്‍ രാജേഷ് മറ്റൊരു കേസില്‍ ജയിലിലുമായി. തുടർന്നാണ് രാമമംഗലം പൊലീസ് ഇൻസ്പെക്ടർ വി. രാജേഷ്കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ഊർജിതമാക്കിയത്. എസ്.ഐ ടി.എല്‍. ജയൻ, എ.എസ്.ഐ.എസ്. മധു, സീനിയർ സി.പി.ഒ ജിജു കുര്യാക്കോസ്, സി.പി.ഒ ഷാല്‍ബി എന്നിവരടങ്ങുന്ന പൊലീസ് സംഘം ചെങ്ങന്നൂരില്‍നിന്നാണ് യുവതിയെ പിടികൂടിയത്. ചെങ്ങന്നൂരില്‍ ഇവർക്കെതിരെ വേറെയും പരാതികളുണ്ടെന്ന് പൊലീസ് പറഞ്ഞു.
