Back To Top

August 15, 2024

മൂവാറ്റുപുഴ-കൂത്താട്ടുകുളം നാലുവരിപ്പാത നടപടികള്‍ മരവിപ്പിച്ചു. പ്രതിഷേധം വ്യാപകം

മൂവാറ്റുപുഴ: മൂവാറ്റുപുഴ-കൂത്താട്ടുകുളം നാലുവരിപ്പാത നടപടികള്‍ മരവിപ്പിച്ചു. പ്രതിഷേധം വ്യാപകം. 2017ലെ ബജറ്റില്‍ 25 കോടിയുടെ ഭരണാനുമതി ലഭിക്കുകയും തുടർന്ന് ഭൂമി ഏറ്റെടുക്കുന്നതിന് കിഫ്ബിയില്‍നിന്ന് 450.33 കോടിയുടെ സാന്പത്തികാനുമതിയാവുകയും ചെയ്ത സുപ്രധാന പദ്ധതി മരവിപ്പിച്ച നടപടി പുന:പരിശോധിക്കണമെന്ന് മുൻ എംഎല്‍എ എല്‍ദോ ഏബ്രഹാം ആവശ്യപ്പെട്ടു.മുൻമന്ത്രി പി.ജെ. ജോസഫ് നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് കഴിഞ്ഞ ജൂലൈ നാലിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നല്‍കിയ മറുപടിയിലാണ് പദ്ധതി പ്രവർത്തനം താല്‍ക്കാലികമായി നിർത്തിവയ്ക്കുന്ന വിവരം പ്രതിപാദിക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതിനായി പ്രവർത്തനങ്ങള്‍ നടക്കുന്ന അങ്കമാലി എല്‍എ സ്പെഷല്‍ തഹസില്‍ദാരുടെയും റോഡിന്‍റെ ഡിസൈൻ വിഭാഗം ചീഫ് എൻജിനീയരുടെയും ഓഫീസുകള്‍ക്കാണ് കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർ നിർദേശം നല്‍കിയിട്ടുള്ളത്. കഴിഞ്ഞ ജനുവരി 24ന് കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ അധ്യക്ഷതയില്‍ ചേർന്ന യോഗമാണ് തീരുമാനം എടുത്തത്. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് കണ്ടിജൻസി ചാർജ് ഇനത്തില്‍ 50 ലക്ഷം രൂപ കിഫ്ബിയില്‍ നിന്ന് കൈമാറിയിരുന്നു. 24 വർഷം മുന്പ് സംസ്ഥാന പാതയായി പ്രഖ്യാപിച്ച ഈ റോഡ് പ്രവർത്തിക്ക് ജീവൻവച്ചത് കഴിഞ്ഞ സർക്കാരിന്‍റെ കാലത്താണ്. അതിർത്തിക്കല്ലുകള്‍ പുന:സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള സർവെ നടപടികളും നിർത്തിവച്ചു. നിലവിലുള്ള എംസി റോഡിലൂടെയുള്ള യാത്രയിലെ വിവിധ പ്രതിസന്ധികള്‍ ഒഴിവാക്കാൻ കഴിയുന്ന പദ്ധതി ആരക്കുഴ, മാറാടി, പാലക്കുഴ, കൂത്താട്ടുകുളം മേഖലയില്‍ വൻ വികസനത്തിനും വഴിവയ്ക്കും.

കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് ഈ റോഡിന്‍റെ താത്കാലിക വികസനത്തിന് സെൻട്രല്‍ റോഡ് ഫണ്ടില്‍ നിന്ന് 16 കോടി അനുവദിച്ചിരുന്നു. എംസി റോഡ് വഴിയുള്ള യാത്രയേക്കാള്‍ നാല് കിലോ മീറ്റർ ദൈർഘ്യം കുറയുന്നതും വളവുകള്‍ ഇല്ലാതിരിക്കുന്നതും ഈ പാതയുടെ പ്രത്യേകതയാണ്. എന്നാല്‍ കൂടുതല്‍ വാഹനങ്ങള്‍ ഇതുവഴി പോകുന്നില്ലെന്ന കാരണം പറഞ്ഞാണ് പദ്ധതി ഇല്ലാതാക്കുന്നതെന്നും ഇതു നീതീകരിക്കാനാകാത്തതും ജില്ലയുടെ കിഴക്കൻ മേഖലയോടുള്ള അവഗണനയുമാണെന്ന് എല്‍ദോ ഏബ്രഹാം കുറ്റപ്പെടുത്തി.

 

രണ്ടു പതിറ്റാണ്ട് കാലത്തെ പരിശ്രമഫലമായി 2017ല്‍ അനുമതി വാങ്ങിയെടുത്ത പദ്ധതി ഉപേക്ഷിക്കരുതെന്നും ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ പുനരാരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Prev Post

മാള്‍ട്ടയില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ചെങ്ങന്നൂർ…

Next Post

സമന്വയ റസിഡന്റ്സ് അസോസിയേഷൻ ഇന്ത്യയുടെ 78 -ാം സ്വാതന്ത്ര്യദിനം ആചരിച്ചു

post-bars