കെനിയയിലെ നെയ്റോബി അയ്യപ്പ ക്ഷേത്രത്തില്‍ സ്ഥാപിക്കാനുള്ള കൊടിമരം കൊച്ചിയില്‍നിന്ന് കപ്പല്‍കയറി.
കൂത്താട്ടുകളം: കെനിയയിലെ നെയ്റോബി അയ്യപ്പ ക്ഷേത്രത്തില്‍ സ്ഥാപിക്കാനുള്ള കൊടിമരം കൊച്ചിയില്‍നിന്ന് കപ്പല്‍കയറി.കൂത്താട്ടുകുളം മംഗലത്തുതാഴം സ്വദേശി എൻ.ആർ. പ്രകാശ് കുമാറിന്റെ നേതൃത്വത്തിലാണ് ഇത് കണ്ടെയ്നറില്‍ കയറ്റി അയച്ചത്. 30 അടിയുള്ള കൊടിമരം പൂർണമായും തേക്കിൻതടിയിലാണ്. 40 അടി കണ്ടെയ്നറിലാണ് കൊടിമരവും അനുബന്ധ സാമഗ്രികളും കയറ്റി അയച്ചത്.
നെയ്റോബിയിലുള്ള അയ്യപ്പ സേവാസമാജമാണ് കൊടിമരം പണിത് എത്തിക്കുന്ന ചുമതല ഏറ്റെടുത്തത്. കെനിയയിലെത്തിക്കുന്ന ഉത്തരവാദിത്വത്തില്‍ പ്രകാശ് കുമാർ പ്രധാന പങ്കാളിയായി. സമാജം പ്രസിഡന്റ് പ്രവീണ്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പാലാ പൂവരണിയിലുള്ള രാജന്റെ പുരയിടത്തില്‍നിന്നാണ് ലക്ഷണമൊത്ത തേക്ക് കണ്ടെത്തിയത്.നിലം തൊടാതെ മരം വെട്ടിയെടുത്ത് വൈക്കത്തിനടുത്ത് കുടവെച്ചൂർ ചേരം കുളങ്ങര ദേവീക്ഷേത്രത്തിലെത്തിച്ചു. പണികള്‍ പൂർത്തീകരിച്ച കൊടിമരം കൊച്ചി തുറമുഖം വഴി കപ്പലില്‍ കയറ്റി കെനിയയില്‍ എത്തിക്കാനുള്ള ജോലികള്‍ കൂത്താട്ടുകുളത്തുകാരനായ പ്രകാശ് കുമാറിന് കൈമാറി.
പ്രകാശിന്റെ ഉടമസ്ഥതയിലുള്ള എറണാകുളത്തെ ട്രാൻസ് കെയർ ലോജിസ്റ്റിക്സ് ക്ലിയറിങ് ഏജൻസിയാണ് ഫോറസ്റ്റ്, കസ്റ്റംസ് വിഭാഗങ്ങളുടെ അനുമതി ഉള്‍പ്പെടെയുള്ള നടപടികള്‍ പൂർത്തീകരിച്ചത്. വല്ലാർപാടത്ത് എത്തിച്ചാണ് കൊടിമരവും അനുബന്ധ സാമഗ്രികളും കയറ്റിയയച്ചത്. നെയ്റോബിയിലെത്താൻ 25 ദിവസമെടുക്കും. മേയിലാണ് കൊടിമരസ്ഥാപനം നടക്കുന്നത്
