പ്ലസ് വൺ ക്ലാസുകളിൽ പരമാവധി എണ്ണം 50 ആക്കണം : എ എച്ച് എസ് ടി എ
കോലഞ്ചേരി :ഹയർസെക്കൻഡറി കുട്ടികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട അധികമായി സീറ്റുകൾ അനുവദിക്കുന്നത് എസ്എസ്എൽസി ജയിച്ച കുട്ടികളുടെ എണ്ണം നോക്കിയതിന് ശേഷം മതി എന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ (എ എച്ച് എസ് ടി എ ) എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു . എറണാകുളം ജില്ലയിൽ സർക്കാർ സ്കൂളുകളിൽ 9700, എയ്ഡഡ് സ്കൂളുകളിൽ 17150, അൺ എയ്ഡഡ് സ്കൂളുകളിൽ 5750, എം ആർ എസിൽ 39 ഉൾപ്പെടെ 32639 സീറ്റുകൾ ഉണ്ട് . എന്നാൽ ഈ വർഷം എസ്എസ്എൽസി ജയിച്ചത് 30458 കുട്ടികളാണ് . ഇതിനുപുറമേ ഐടിഐ, പോളിടെക്നിക് മേഖലകളിലും വൊക്കേഷണൽ ഹയർസെക്കൻഡറിയിലും സീറ്റ് ലഭ്യമാണ്.
സീറ്റ് വർദ്ധനവ് മൂലം ഗ്രാമപ്രദേശങ്ങളിൽ നിന്നും ടൗൺ കേന്ദ്രീകരിച്ചുള്ള സ്കൂളുകളിലേക്ക് കുട്ടികൾ പോകുന്നത് പതിവായി മാറിയിട്ടുണ്ട്. ഇത് സ്കൂളുകളിലെ ബാച്ചുകളെ ബാധിക്കുന്നു. അതുമൂലം അധ്യാപക തസ്തിക ഇല്ലാതാവുകയും ചെയ്യുന്നു എന്നതാണ് യാഥാർത്ഥ്യം. മാർജിനിൽ സീറ്റ് വർദ്ധനവ് എന്ന പേരിൽ പത്തു കുട്ടികളെ കൂടെ ഓരോ ക്ലാസിലേക്കും ചേർത്ത് നൽകുമ്പോഴും ഉപഭാഷ വിഷയത്തിൻ്റെ അദ്ധ്യാപിക തസ്തിക നിർണയത്തിൽ ഈ കുട്ടികളെ ഉൾപ്പെടുത്തുന്നില്ല എന്നത് ഖേദകരമാണ്.
ചട്ടമനുസരിച്ച് 50 വിദ്യാർത്ഥികൾക്കു വേണ്ടി നിർമ്മിച്ചതാണ് ഓരോ ക്ലാസ് മുറികളും. ഓരോ കുട്ടിക്കും 12 സ്ക്വയർ ഫീറ്റ് എന്ന രീതിയിൽ 50 കുട്ടികൾക്ക് 600 സ്ക്വയർ ഫീറ്റ് ആണ് ഹയർ സെക്കൻഡറി ക്ലാസ് മുറികൾ.
ഇന്നത്തെ സാഹചര്യത്തിൽ കുട്ടികളെ കൂടുതൽ ശ്രദ്ധിക്കാൻ അധ്യാപകർക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന സ്ഥിതിയാണ് ക്ലാസുകളിലേക്ക് അറുപതും അതിലേറെയും വിദ്യാർത്ഥികളെ കുത്തി നിറയ്ക്കുന്നത് വഴി ഉടലെടുക്കുന്നത്.
കുട്ടികളിൽ അച്ചടക്കം കൊണ്ടുവരുന്നതിനും പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികളിൽ കൂടുതൽ ശ്രദ്ധ കൊണ്ടുവരുന്നതിനും ഹയർ സെക്കൻഡറി ക്ലാസിലെ കുട്ടികളുടെ പരമാവധി എണ്ണം 50 ആയി പരിമിതപ്പെടുത്തണം.
ജില്ലാ പ്രസിഡൻറ് ബിനു കെ വർഗീസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ എ വർഗീസ് യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഈ ആർ ബിനു, സംസ്ഥാന സമിതി അംഗങ്ങളായ ജിബി എ. പോൾ, കെ ഡബ്ലിയു ജോസ് റാൽഫ്, ടിൻറു പൗലോസ്, വീ. ജെ ഡാർവിൻ, എമിൽ കെ ജോൺ, മീനു മരിയ ജോസഫ് എന്നിവർ സംസാരിച്ചു
