പിറവം ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവൃത്തികളുടെ രൂപരേഖ അംഗീകരിച്ചു
പിറവം : പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പിറവം ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവൃത്തികളുടെ രൂപരേഖ അനൂപ് ജേക്കബ് എം.എല്‍.എ-യുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം അംഗീകരിച്ചു. ഇത് സര്‍ക്കാരിലേക്ക് സമര്‍പ്പിച്ച് അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുമെന്ന് എം.എല്‍.എ പറഞ്ഞു. കിഫ്‌ബി പദ്ധതി വഴി അനുവദിച്ച 5.30 കോടി രൂപയിൽ 1.50 കോടി രൂപയുടെ ഒന്നാം ഘട്ടം പൂർത്തീകരിച്ചിരുന്നു. ബാക്കിയുള്ള 3.80 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ വിശദമായ പ്രൊജക്റ്റ് റിപ്പോർട്ട് യോഗത്തില്‍ അവതരിപ്പിച്ചു. 4 ക്ലാസ് റൂം, ലാബുകള്‍, ലൈബ്രറി, റീഡിംഗ് റൂം, സ്റ്റാഫ് റൂം, ആധുനിക നിലവാരത്തിലുള്ള ടോയ് ലെറ്റുകള്‍, ഭിന്നശേഷി സൗഹൃദമായ ടോയ് ലെറ്റ്, റാമ്പ് ഉള്‍പ്പെടെ പ്രത്യേകമായ വാഷ് ഏരിയ ഉള്‍പ്പെടെയുള്ള പുതിയ ബ്ലോക്കും, സ്കൂളിന് പ്രവേശന കവാടവുമാണ് രണ്ടാംഘട്ട നിര്‍മ്മാണ പ്രവൃത്തികളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2018-ൽ ആരംഭിച്ച നിർമാണത്തിന്റെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവൃത്തികള്‍ ചില സാങ്കേതിക കാരണങ്ങളാല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. അനൂപ് ജേക്കബ് എം.എല്‍.എ-യുടെ ആവശ്യപ്രകാരം വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി വിളിച്ചു ചേർത്ത യോഗത്തിലാണ് അവശേഷിക്കുന്ന തുക ഡെപ്പോസിറ്റ് വർക്കായി കൈറ്റിന് നൽകാൻ തീരുമാനമായത്. പിറവം മുനിസിപാലിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ജൂലി സാബു, വൈസ് ചെയര്‍മാന്‍ കെ.പി സലിം, നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി വൈസ് ചെയര്‍പേഴ്സണ്‍ വത്സലാ വര്‍ഗീസ്, വിമൽ ചന്ദ്രൻ, രാജു പാണാലിക്കൽ, ബബിതാ ശ്രീജി, ജോജിമോൻ, ഷൈനി ഏലിയാസ്, സഞ്ജിനി പ്രതീഷ്, അജേഷ് മനോഹർ, ഗിരീഷ് കുമാർ, സ്കൂള്‍ പ്രിന്‍സിപ്പല്‍ ബിധു.ബി, കൈറ്റ് പ്രോജക്ട് മാനേജര്‍ ബിന്ദു ഷാജി, കെല്‍ കൺസൾട്ടന്റ് പ്രിയ, പി.ടി.എ പ്രസിഡന്റ് സജി.എസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ചിത്രം : പിറവം ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവൃത്തികളുടെ അവലോകന യോഗത്തിൽ അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ. സംസാരിക്കുന്നു .
