പെരുവ – പിറവം – പെരുവാംമൂഴി റോഡിന്റെ ടെണ്ടര്‍ നടപടികള്‍ പൂർത്തിയായി
പിറവം : പിറവം നിയോജകമണ്ഡലത്തില്‍ റീ-ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പെരുവ – പിറവം – പെരുവാംമൂഴി റോഡിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായതായി കെ.എസ്.ടി.പി. അധികൃതര്‍ അറിയിച്ചു. കുമരകം നെടുമ്പാശ്ശേരി റോഡിന്റെ നവീകരണത്തിനായി 105 കോടി രൂപയുടെ എസ്റ്റിമേറ്റാണ് ആദ്യം ഉണ്ടായിരുന്നത്. എന്നാൽ ഇപ്രകാരം ഉള്ള എസ്റ്റിമേറ്റിലെ പ്രവർത്തികള്‍ക്ക് പുറമേ സിവില്‍ വര്‍ക്ക്, യൂട്ടിലിറ്റി ഷിഫ്റ്റിംഗ് തുടങ്ങിയവ ഉള്‍പ്പെടെയുള്ള കാര്യങ്ങൾക്കായി 37.59 കോടി രൂപയുടെ ചേർത്ത് ആകെ 157.91 കോടിയുടെ പുതിയ ഭരണാനുമതിയാണ് ലഭിച്ചത്. ഇതില്‍ GST-യും 5 വര്‍ഷത്തെ മെയിന്റന്‍സ് തുകയും ഒഴിവാക്കി 96.60 കോടി രൂപയുടെ ടെണ്ടര്‍ നടപടികളാണ് പൂര്‍ത്തിയായത്. 2021-ല്‍ തുടക്കമായത് പ്രവൃത്തിയില്‍ കാലതാമസം നേരിട്ടതിനാല്‍ മുന്‍ കരാറുകാരനെ ടെര്‍മിനേറ്റ് ചെയ്തത് മൂലമാണ് റീ ടെണ്ടര്‍ ആവശ്യമായി വന്നത്. പിറവം ടൌണിലെ പടവെട്ടിപ്പാലം ഉള്‍പ്പെടെ വിവിധ പാലങ്ങളുടേയും കലിങ്കുകളുടേയും പുനര്‍നിര്‍മ്മാണം ഉള്‍പ്പെടെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ്. നിര്‍മ്മാണം മുടങ്ങിയപ്പോള്‍ നിയമസഭയില്‍ അടിയന്തിര ചോദ്യവും, സബ് മിഷനുകളും, ശ്രദ്ധ ക്ഷണിക്കലും അനൂപ് ജേക്കബ് എം.എല്‍.എ ഉന്നയിച്ചിരുന്നു. പൊതുമരാമത്ത്, ധനകാര്യ വകുപ്പ് മന്ത്രിമാരുമായി എം.എല്‍.എ ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നിര്‍മ്മാണ പ്രവൃത്തികള്‍ പുനരാരംഭിക്കാനുള്ള ടെണ്ടര്‍ നടപടി പൂര്‍ത്തിയായത്. റോഡിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നതിന് മുന്‍പ് ജനപ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ക്കുമെന്ന് അനൂപ് ജേക്കബ് എം.എല്‍.എ പറഞ്ഞു. അപകടകരമായ എല്ലാ കുഴികളും അടച്ച് റോഡ് സഞ്ചാരയോഗ്യക്കുക എന്നതിനാണ് ആദ്യത്തെ പരിഗണന. 21.40 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡാണ് നവീകരിക്കുന്നത്. 15 മാസത്തിനുള്ളില്‍ ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കണം.
